banner

അഷ്ടമുടി ആശിർവാദിന് ലൈസൻസ് നൽകാൻ ഓഡിറ്റിനേയും കബളിപ്പിച്ചു!, വിവരാവകാശ അപേക്ഷയ്ക്കും പഞ്ചായത്ത് നൽകിയത് നിരുത്തരവാദ മറുപടി, റാംസർ പട്ടികയിൽ ഉൾപ്പെട്ട അഷ്ടമുടി കായൽ നികത്തിയതായി ആരോപണം ഉന്നയിച്ചിട്ടും വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിക്കാതെ സെക്രട്ടറി, ആശിർവാദിനായി തലകുനിച്ച നിയമങ്ങളിലൂടെ - അന്വേഷണ പരമ്പര തുടരുന്നു


എ.തുളസീധരക്കുറുപ്പ്
അഷ്ടമുടി ആശിർവാദിനായി ജനാധിപത്യത്തിന്റെ താക്കോൽ എന്ന് വിശേഷിപ്പിച്ച വിവരാവകാശ നിയമത്തെ പോലും ചോദ്യചിഹ്നത്തിലാക്കി തൃക്കരുവ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് രേഖകൾ പ്രകാരം 15/11/2023-ൽ ആശിർവാദ് ഹോംസ്റ്റേ എന്ന വിവാദ ആയുർവേദ ഹോംസ്റ്റേ ലൈസൻസ് നേടിയതായി കാണുന്നു. എന്നാൽ വിവരാവകാശ പ്രവർത്തകന് ഗ്രാമപഞ്ചായത്ത് 17/11/2023-ൽ നൽകിയ മറുപടിയിൽ ഈ സ്ഥാപനത്തിന് ലൈസൻസ് അനുവദിക്കുന്നതിനായി ഉള്ള അപേക്ഷ പരിഗണനയിലാണ് എന്ന് മാത്രമാണ് സംസ്ഥാന പൊതു വിവരാധികാരി നൽകിയിരിക്കുന്ന മറുപടി. മറുപടികളിലെല്ലാം ആശിർവാദമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും പഞ്ചായത്തിലെ തരാൻ കഴിയില്ലെന്ന കൃത്യമായ സൂചനകളാണുള്ളത്.

മാത്രമല്ല, 18/11/2023-ൽ ജില്ലാ ഓഡിറ്റ് വിഭാഗത്തിൻറെ അന്വേഷണത്തിൽ ഈ സ്ഥാപനത്തിന് ലൈസൻസ് ഇല്ല എന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഒപ്പം ഈ സ്ഥാപനങ്ങൾ അനധികൃതമായി നിർമ്മിച്ചിട്ടുള്ളവ ആണെന്ന് പരാമർശവും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. ഈ വിവരങ്ങളിൽ നിന്നെല്ലാം മനസ്സിലാകുന്നത് ജില്ലാ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തെയും വിവരാവകാശ പ്രവർത്തകനെയും പഞ്ചായത്ത് കബളിപ്പിച്ചതായാണ്. നിലവിൽ ജർമ്മനിയിൽ താമസിക്കുന്ന ആളാണ് സ്ഥാപനത്തിൻറെ ഉടമ. ഇവരുടെ പേരിൽ തന്നെയാണ് യാതൊരു അനുബന്ധരേഖകളും ഇല്ലാതെ പഞ്ചായത്ത് ലൈസൻസ് അനുവദിച്ചത്. 

2017ൽ കേരള ടൂറിസം വകുപ്പിൽ നിന്നുള്ള സർട്ടിഫിക്കേഷന്‍ നേടിയാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. ഈ രേഖ കൈമുതലാക്കി വെച്ചുകൊണ്ടാണ് പിന്നീടുള്ള വർഷങ്ങളിൽ തൃക്കരുവ ഗ്രാമപഞ്ചായത്തിൽ ലൈസൻസിനായി സ്ഥാപന അധികാരി അപേക്ഷ സമർപ്പിച്ചു വന്നുകൊണ്ടിരുന്നത്. എന്നാൽ മുൻ ഭരണസമിതികൾ എല്ലാം ഈ അപേക്ഷ നിരസിക്കുകയായിരുന്നു എന്നാണ് വിവരം. 2008ലെ തണ്ണീർത്തട നിയമത്തിൽ 2019ൽ വരുത്തിയ പുതിയ ഭേദഗതി പ്രകാരം തണീർത്തടം നികത്തുന്ന വർക്ക് രണ്ട് വർഷം തടവു ശിക്ഷ വരെ ലഭിക്കാവുന്ന  വകുപ്പുകൾ നിലവിലുണ്ട്. ഈ വിഷയങ്ങളെല്ലാം മാറ്റി നിർത്തിയതാണ് പഞ്ചായത്ത് അനധികൃതമായി ഈ സ്ഥാപനത്തിലെ ലൈസൻസ് അനുവദിപ്പിച്ചത്. ഇതിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ തന്നെയാണെന്നാണ് പരക്കെ ആക്ഷേപം.

റാംസർ പട്ടികയിൽ ഉൾപ്പെട്ട കായലാണ് അഷ്ടമുടി കായൽ. അതീവ ജാഗ്രതയോടെ സംരക്ഷിക്കണമെന്ന  നിരീക്ഷണത്തോടെയാണ് അഷ്ടമുടി കായലിന് 2002ൽ റാംസർ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇത്തരത്തിൽ റാംസർ പട്ടികയിൽ ഉൾപ്പെട്ട കായൽ കൈയ്യേറിയതായാണ് പഞ്ചായത്തിന് ലഭിച്ച പരാതി. ഗുരുതരമായ ആരോപണങ്ങൾ നിരത്തിയ പരാതി പഞ്ചായത്ത് കമ്മിറ്റിയുടെ പരിഗണനയിൽ കൊണ്ടുവരികയോ അതിൽ ജനപ്രതിനിധികളുടെ അഭിപ്രായം തേടുകയോ ചെയ്തിട്ടില്ല. ഇതിനിടെയാണ് നിരുത്തരവാദിത്വപരമായി പഞ്ചായത്ത് ലൈസൻസും അനുവദിച്ചത്.

ഈ വിഷയത്തിൽ തൃക്കരുവ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്ടമുടി ലൈവിനോട് സംസാരിക്കവെ അനധികൃത കെട്ടിടം ആണെങ്കിൽ ലൈസൻസ് നൽകില്ലെന്നും ആവശ്യമായ തുടർനടപടി  സ്വീകരിക്കുമെന്നും പ്രതികരിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല അദ്ദേഹം കൂടി അംഗമായ ഭരണസമിതി ഈ സ്ഥാപനത്തിന് യാതൊരു മാനദണ്ഡവും പാലിക്കാതെ ലൈസൻസ് നൽകുകയും ചെയ്തു. ഇത്തരം വിഷയങ്ങൾ കൂടി മുൻനിർത്തി ഇത്രയും വലിയ ഒരു അഴിമതി നടന്നിട്ട് നിലവിലെ പ്രതിപക്ഷം ഉൾപ്പെടെ മറ്റു പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ അനങ്ങാപ്പാറ നയം സ്വീകരിച്ചു വരുന്നതിൻ്റെ തുടർ അന്വേക്ഷണം വരും ദിവസങ്ങളിൽ അഷ്ടമുടി ലൈവ് വിശദമായ വാർത്തകളായി പ്രസിദ്ധീകരിക്കും. 

(അഷ്ടമുടി ആശിർവാദിനായി തൃക്കരുവാ ഗ്രാമപഞ്ചായത്ത് നിയമങ്ങളെ കാറ്റിൽ പറത്തിയ വാർത്ത കഴിഞ്ഞ വാരത്തിൽ വായനക്കാർക്ക് മുന്നിൽ അവതരിപ്പിച്ചതാണ്. പിറ്റേദിവസം ഇത് സംബന്ധിച്ച കൂടുതൽ വാർത്ത പ്രസിദ്ധീകരിക്കുമെന്ന് അഷ്ടമുടി ലൈവ് അറിയിച്ചെങ്കിലും നിയമോപദേശം ലഭിക്കുന്നതിന് നേരിട്ട കാലതാമസം മൂലമാണ് തുടർലക്കം പ്രസിദ്ധീകരിക്കാൻ ഇത്രയും വൈകിയത് - എഡിറ്റർ )

إرسال تعليق

0 تعليقات