സ്വന്തം ലേഖകൻ
വയനാട് : വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തില്‍ വീണ്ടും മരണം. വയനാട് പുൽപ്പള്ളിക്ക് സമീപം പാക്കത്ത് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുറുവാ ദ്വീപിലെ സുരക്ഷാജീവനക്കാരൻ പാക്കം സ്വദേശി പോളാണ് മരിച്ചത്. പാക്കം- കുറുവാ ദ്വീപ് റൂട്ടിൽ ചെറിയമല വനമേഖലയിൽ രാവിലെ ഒമ്പതരയോടെ കാട്ടാന ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗതാഗതതടസമൊഴിവാക്കാന്‍ പ്രത്യേക അറിയിപ്പ് നല്‍കിയായിരുന്നു പോളിനെ മെഡിക്കല്‍ കോളജിലെത്തിച്ചത്. ഭാര്യ: സാനി. മകൾ: സോന (പത്താം ക്ലാസ് വിദ്യാർഥി)
ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ട് ഇയാൾ ഭയന്നോടി. എന്നാൽ പുറകേയെത്തിയ കാട്ടാന വീണുപോയ പോളിന്റെ നെഞ്ചിൽ ചവിട്ടുകയായിരുന്നു. പോളിന്റെ വാരിയെല്ലുൾപ്പെടെ തകർന്നിരുന്നു. സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ പോളിന്റെ നിലവിളി കേട്ട് ഓടിയെത്തി. അവര്‍ ഒച്ചവെച്ച് കാട്ടാനയെ ഓടിച്ച് പോളിനെ ഉടനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തിയശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്. ഐസിയു സംവിധാനങ്ങള്‍ അടക്കം ഏര്‍പ്പെടുത്തിയ ആംബുലന്‍സിലായിരുന്നു പോളിനെ കോഴിക്കോട്ടേയ്‌ക്ക് എത്തിച്ചത്.
ഇതിനിടെ ആശുപത്രിയിൽ തടിച്ചുകൂടിയ ജനം ചികിത്സ വൈകുന്നുവെന്ന് ആരോപിച്ച് പ്രതിഷേധിച്ചു. സബ് കലക്ടറുൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയാണ് പ്രശ്നം തണുപ്പിച്ചത്. ബേലൂർ മാഗ്നയെ മയക്ക് വെടിവെച്ച് പിടികൂടാനുള്ള പരിശ്രമം ആറാം ദിവസവും ഫലപ്രാപ്തിയില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് കുറുവാ ദ്വീപിലെ താൽക്കാലിക ജീവനക്കാരനായ പോൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്.
മാനന്തവാടി മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടാമത്തെ ആളാണ് പോൾ. പടമല പനച്ചിയിൽ അജീഷിനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്ന് ഒരാഴ്ചയ്‌ക്ക് ശേഷമാണ് വീണ്ടും ഒരാൾ കൂടി കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പ്രദേശത്ത് മൂന്നു കാട്ടാനകളുടെ സാന്നിധ്യമുണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. ഇന്നലെ വൈകീട്ട് ജീപ്പിന് നേരെ പാഞ്ഞടുത്തതായും നാട്ടുകാര്‍ പറഞ്ഞു.
അതേസമയം കാട്ടാന ആക്രമണത്തില്‍ ഒരാഴ്ചക്കിടെ രണ്ടുപേര്‍ക്ക് ജീവന്‍നഷ്ടമായ സാഹചര്യത്തില്‍ എല്‍.ഡി.എഫും യുഡിഎഫും ശനിയാഴ്ച വയനാട്ടില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വന്യമൃഗശല്യത്തിന് ശ്വാശത പരിഹാരം കാണമെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം എന്നുമാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനംചെയ്തിരിക്കുന്നത്.
0 Comments