banner

'കായൽപ്പെരുമയുമായൊരു വിദ്യാലയം'!, പ്രാക്കുളം ഗവൺമെൻ്റ് എൽ.പി സ്കൂളിൽ അഷ്ടമുടിക്കായലിലെ മത്സ്യങ്ങളുടെ പ്രദർശനവും ഭക്ഷ്യമേളയും നടന്നു, 'ഇഷ്ടമുടിക്കായൽ' കവിത ചൊല്ലി മലയാളത്തിന്റെ പ്രിയ കവി കുരീപ്പുഴ ശ്രീകുമാർ, ഒപ്പം ചേർന്ന് കുരുന്നുകളും


കൊല്ലം : പ്രാക്കുളം ഗവ എൽ.പി.സ്കൂളിൽ അഷ്ടമുടിക്കായലിന്റെ മത്സ്യ സമ്പത്തിന്റെ വൈവിധ്യങ്ങളുടെ പ്രദർശനവും ഭക്ഷ്യമേളയും നടന്നു. കുട്ടികൾ വ്യത്യസ്ത രുചികൾ നിറഞ്ഞ കായൽ വിഭവങ്ങളുമായാണ് രാവിലെ സ്കൂളിലെത്തിയത്. വീട്ടിൽ നിന്നു തയ്യാറാക്കിക്കൊണ്ടു വന്ന വിഭവങ്ങൾ ഡെസ്കുകളിലായി പ്രദർശിപ്പിച്ചു. വിഭവങ്ങളുടെ ചേരുവകളും തയ്യാറാക്കുന്ന വിധവും കുട്ടികൾ ചാർട്ടിൽ പ്രദർശിപ്പിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ ഇഷ്ടമുടിക്കായൽ കാവ്യാലാപനം നടത്തി. കവി വാക്കനാട് സുരേഷും കവിതകൾ ചൊല്ലി. ഭക്ഷ്യമേള തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ  ഉദ്ഘാടനം ചെയ്തു. 


കായൽപ്പെരുമ – കായലിൽ നിന്നൊരു പങ്ക് എന്നു പേരിട്ട പ്രദർശനത്തിൽ കരിമീന്‍, കണമ്പ്, പൂമീന്‍, കുഴാവലി, പള്ളത്തി, ചുണ്ടന്‍, കളിമീന്‍, പുലാവ്, കാരല്‍, ഒറത്ത (വെട്ടന്‍, നിലംപതുങ്ങി) ഇലമ്പാട്ട, കൂരിത്തോട്, ചൂട, പ്രാച്ചി, ഞുണ്ണാ, കടിമീന്‍ , പാര തുടങ്ങിയ മത്സ്യങ്ങളും തെള്ളി, നാരന്‍ , ഓവി തുടങ്ങിയ ചെമ്മീന്‍ വര്‍ഗ്ഗങ്ങളും, ഞണ്ട്, കോരഞണ്ട്, വെളുത്തകക്കാ, കറുത്തകക്കാ, ചിപ്പികക്കാ, മുരിങ്ങ, ആമ എന്നിവയുമടങ്ങിയ അമ്പതോളം മത്സ്യസമ്പത്തും പ്രദർശിപ്പിച്ചു. കുട്ടികൾക്കായി ഭക്ഷ്യമേളയും ഒരുക്കിയിരുന്നു. 

തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, വാർഡ് മെംബർ ഡാഡു കോടിയിൽ, പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ്, കൊല്ലം എ.ഇ.ഒ ആന്റണി പീറ്റർ, ഉച്ചഭക്ഷണ  പദ്ധതിയുടെ ജില്ലാ  ഓഫീസർ സെയ്ഫുദ്ദീൻ, നൂൺ മീൽ ഓഫീസർ സന്തോഷ്, ഹെഡ്‍മാസ്റ്റർ കണ്ണൻ ഷൺമുഖം, അധ്യാപകരായ ജിബി ടി ചാക്കോ, മിനി. ജെ, എസ്.ആർ‍.ജി  കൺവീനർ ബിന്ദു എന്നിവർ സംസാരിച്ചു. ജനകീയ ഉച്ചഭക്ഷണ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

إرسال تعليق

0 تعليقات