banner

ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിനിടെ നാളെ രാജ്യത്ത് ഭാരത് ബന്ദ്


സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി : ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിനിടയില്‍ സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം), കേന്ദ്ര ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. കേന്ദ്ര സര്‍ക്കാരിന് മുന്‍പാകെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടനകള്‍ ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ രാവിലെ 6 മണിക്ക് ആരംഭിച്ച് വൈകുന്നേരം 4 മണിക്ക് ബന്ദ് അവസാനിക്കും.

ഭാരത് ബന്ദിന് പുറമേ, ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 4 വരെ പ്രധാന റോഡുകളില്‍ കര്‍ഷകര്‍ ധര്‍ണ നടത്തും. അതേസമയം, പഞ്ചാബിലെ മിക്ക സംസ്ഥാന, ദേശീയ പാതകളും വെള്ളിയാഴ്ച നാല് മണിക്കൂര്‍ അടച്ചിടും. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരെ ചൊവ്വാഴ്ച ഡല്‍ഹി പൊലീസ് സമീപ അതിര്‍ത്തികളില്‍ തടഞ്ഞത് അക്രമത്തിലേക്ക് നയിച്ചിരുന്നു.

ഇതിനെത്തുടര്‍ന്ന് സമാന ചിന്താഗതിക്കാരായ എല്ലാ കര്‍ഷക സംഘടനകളോടും ഒന്നിച്ച് രാജ്യവ്യാപക പണിമുടക്കില്‍ പങ്കെടുക്കാന്‍ എസ്‌കെഎം ആഹ്വാനം ചെയ്തു. ഗതാഗതം, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഗ്രാമീണ ജോലികള്‍, സ്വകാര്യ ഓഫീസുകള്‍, വില്ലേജ് ഷോപ്പുകള്‍, ഗ്രാമീണ വ്യാവസായിക, സേവന മേഖലയിലെ സ്ഥാപനങ്ങള്‍ എന്നിവ ഭാരത് ബന്ദിന് അടച്ചിടും.

ആംബുലന്‍സ്, ആശുപത്രി, പത്രവിതരണം, വിവാഹം, മെഡിക്കല്‍ ഷോപ്പുകള്‍, ബോര്‍ഡ് പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ അടിയന്തര സേവനങ്ങളെ പണിമുടക്ക് ബാധിക്കില്ല. അതേസമയം ഭാരത് ബന്ദ് കേരളത്തെ സാരമായി ബാധിക്കില്ല. രാവിലെ 10 മണിക്ക് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകും എന്ന് സംസ്ഥാനത്തെ സമര സമിതി കോഓര്‍ഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം വിജയകുമാര്‍ അറിയിച്ചു.

ഈ പ്രതിഷേധ പ്രകടനം മാത്രമായിരിക്കും കേരളത്തില്‍ ബന്ദിനോട് അനുബന്ധിച്ചുണ്ടാകുക. ഇക്കഴിഞ്ഞ ഡിസംബറിലാണ് ഭാരത് ബന്ദിന് ആഹ്വനം ചെയ്തത്. താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കര്‍ഷക പെന്‍ഷന്‍, ഒ പി എസ്, കാര്‍ഷിക നിയമഭേദഗതി എന്നിവ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷക സംഘടനകള്‍ മുന്നോട്ടുവെക്കുന്നുണ്ട്.

സംഘടിത-അസംഘടിത മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്കുള്ള സാമൂഹിക സുരക്ഷയും പെന്‍ഷനും ഉറപ്പാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. മറ്റ് കര്‍ഷക സംഘടനകളോട് ഭാരത് ബന്ദില്‍ അണിചേരണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതൃത്വം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات