banner

അഷ്ടമുടിയിലെ സബ്സെൻ്റർ നാളെ ഉദ്ഘാടനം ചെയ്യും!, കേന്ദ്രത്തിൻ്റെ ഫണ്ടെന്ന് അവകാശവാദവുമായി ബി.ജെ.പിയുടെ ഫ്ലെക്സ്, വാർഡ് മെമ്പറുടെ പ്രയത്നത്തിൻ്റെ ഫലമെന്ന മറുപടിയുമായി കോൺഗ്രസ്സും, വിവാദങ്ങളിലെ വസ്തുത ഇങ്ങനെ


അഷ്ടമുടി : അഷ്ടമുടി സബ് സെൻറർ നാളെ പഞ്ചായത്ത് പ്രസിഡൻറ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അജ്മീൻ.എം.കരുവ, രതീഷ്.ആർ, ചെയർപേഴ്സൺ സലീന ഷാഹുൽ വാർഡ് മെമ്പർ ദിവ്യ ഷിബു തുടങ്ങിയവരും തൃക്കരുവ ഗ്രാമപഞ്ചായത്ത് അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും. പഴയ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ മുൻനിർത്തി നാട്ടുകാരുടെയും പ്രദേശവാസികളുടെയും ഏറെ നാളത്തെ ആവശ്യമായിരുന്നു അഷ്ടമുടിക്ക് ഒരു പുതിയ സബ് സെൻറർ എന്നുള്ളത്. പുതിയ കെട്ടിടം നാളെ ഉദ്ഘാടനം ചെയ്ത് സബ് സെന്ററിന്റെ പ്രവർത്തനം തുടങ്ങുന്നതോടെ ഈ വിഷയത്തിന് ശാശ്വത പരിഹാരമാകും.

ഉദ്ഘാടനത്തിനിടെ കൊഴുത്ത് വിവാദവും


അഷ്ടമുടി സബ് സെൻറർ കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ട് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി തൃക്കരുവ പഞ്ചായത്ത് സമിതി അഷ്ടമുടി സ്കൂളിന് സമീപം ബോർഡ് സ്ഥാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും തൃക്കരുവാ പഞ്ചായത്ത് അംഗങ്ങളായ മഞ്ജു ആലയത്ത്, സുജിത്ത്, ബിജെപി മണ്ഡലം പ്രസിഡൻറ് അജയൻ മകരവിളക്ക് തുടങ്ങിയവരുടെ ചിത്രം പതിപ്പിച്ച ബോർഡ് ആണ് ബിജെപി കഴിഞ്ഞദിവസം സ്ഥാപിച്ചത്. 'തൃക്കരുവ ഗ്രാമപഞ്ചായത്തിന്റെ 2023 - 24 സാമ്പത്തിക വർഷത്തിൽ കേന്ദ്ര ധനകാര്യ കമ്മീഷൻ നൽകിയ ഗ്രാന്റിൽ നിന്നും 9 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച അഷ്ടമുടി സബ് സെൻറർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു, ആശംസകൾ ഓടെ ബിജെപി തൃക്കരുവ പഞ്ചായത്ത് സമിതി ' എന്നാണ് ബിജെപി സ്ഥാപിച്ച ബോർഡിൽ സൂചിപ്പിക്കുന്നത്.

ബിജെപി ബോർഡ് സ്ഥാപിച്ചതോടെ കോൺഗ്രസും ഇതിനെതിരെ രംഗത്തെത്തി. തൃക്കരുവ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് ആശംസകൾ അറിയിച്ചു കൊണ്ടായിരുന്നു ഐ എൻ ടി യു സി ഹൈസ്കൂൾ യൂണിറ്റ് ബിജെപിക്കെതിരെ ബോർഡ് സ്ഥാപിച്ചത്. തൃക്കരുവാ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സരസ്വതി രാമചന്ദ്രന്റെയും വാർഡ് മെമ്പറായ ദിവ്യാ ഷിബുവിൻ്റെയും ചിത്രം ഉൾപ്പെടുന്ന ബോർഡ് ആണ് കോൺഗ്രസ് സ്ഥാപിച്ചത്.  '2022-23 സാമ്പത്തിക വർഷത്തിലെ തൃക്കരുവ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ആയ 11 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച സബ് സെൻറർ 2024-25 സാമ്പത്തിക വർഷം നോൺ റോഡ് മെയിൻറനൻസ് ഗ്രാൻഡ് ആയ 6 ലക്ഷത്തി അമ്പതിനായിരം രൂപ ചുറ്റുമതിൽ അനുബന്ധ പ്രവർത്തനങ്ങൾക്കുമായി അനുവദിച്ച പഞ്ചായത്ത് ഭരണസമിതിക്ക് ആശംസകൾ' എന്നാണ് കോൺഗ്രസ് സ്ഥാപിച്ച ബോർഡിൽ സൂചിപ്പിക്കുന്നത്.

വിവാദങ്ങളിൽ അറിഞ്ഞിരിക്കാൻ


കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡ് എന്നാൽ അതാത് സംസ്ഥാനങ്ങൾക്ക് കേന്ദ്ര വിഹിതമായി ലഭിക്കുന്ന തുകയാണ്. ഇവ സംസ്ഥാന ഗവൺമെൻറ് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുൻഗണന ക്രമത്തിൽ അനുവദിച്ചു നൽകുകയാണ് പതിവ്. തൃക്കരുവാ ഗ്രാമപഞ്ചായത്തിനും ഇത്തരത്തിലാണ് കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഗ്രാൻഡ് ലഭിച്ചിട്ടുള്ളത്. ഈ തുക ഏത് പദ്ധതിക്കായി വകയിരുത്തണം എന്ന് തീരുമാനിക്കുന്നത് പഞ്ചായത്ത് ഭരണസമിതിയാണ്. വാർഡ് മെമ്പറും ഭരണസമിതിയും ഇടപെട്ടതുകൊണ്ടാണ് അഷ്ടമുടി സബ് സെന്ററിന് പണം ലഭ്യമായതെന്നാണ് വിദഗ്ധ അഭിപ്രായം. കേന്ദ്രം ഭരിക്കുന്നത് ബിജെപി ഗവൺമെൻറ് അല്ലെങ്കിലും ഈ തുക അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേന്ദ്രം നൽകുന്ന ഫണ്ടിൽ നിന്ന് സംസ്ഥാനം വീതിച്ചു നൽകും. അതിനാൽ പ്രത്യേകമായ അവകാശവാദം ബിജെപിക്ക് ഉന്നയിക്കാൻ ആകില്ല എന്നതാണ് വസ്തുത.

Post a Comment

0 Comments