banner

വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ്!, പി. ബാലചന്ദ്രൻ എം.എൽ.എയെ പരസ്യമായി ശാസിക്കാന്‍ സി.പി.ഐ


സ്വന്തം ലേഖകൻ
തൃശ്ശൂര്‍: രാമായണ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട പി. ബാലചന്ദ്രന്‍ എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പാര്‍ട്ടിയുടെ അച്ചടക്ക നടപടി. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ട നടപടി ഗുരുതരമായ അച്ചടക്കലംഘനമായി സി.പി.ഐ. വിലയിരുത്തി. ഇത്തരം പ്രവര്‍ത്തനം നടത്തിയതിന് അച്ചടക്ക നടപടിയുടെ ഭാഗമായി പരസ്യമായി ശാസിക്കാന്‍ പാര്‍ട്ടി ജില്ലാ എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് എം.എല്‍.എ. ഖേദപ്രകടനം നടത്തിയെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയും ജനപ്രതിനിധിയുമായ പി. ബാലചന്ദ്രന്റെ ഭാഗത്തുനിന്ന് പാര്‍ട്ടി നിലപാടുകള്‍ക്ക് യോജിക്കാത്തവിധത്തില്‍ പ്രവര്‍ത്തനമുണ്ടായതായി കണ്ടെത്തി. വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ കെ.പി. രാജേന്ദ്രന്‍, സി.എന്‍. ജയദേവന്‍ എന്നിവരും ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജും പങ്കെടുത്തു.

വ്യക്തികളുടെ വിശ്വാസപ്രമാണങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ആദരിക്കുകയും വ്യക്തിസ്വാതന്ത്ര്യത്തെ വിലമതിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സി.പി.ഐ. എന്നും ഫേയ്‌സ്ബുക്ക് പോസ്റ്റ് വിഷയത്തില്‍ നേരത്തെ പാര്‍ട്ടി ഖേദപ്രകടനം നടത്തിയിരുന്നതായും കെ.കെ. വത്സരാജ് അറിയിച്ചു.

Post a Comment

0 Comments