banner

മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് അച്ഛനാണെന്ന് വ്യാജകേസ്!, അമ്മയ്ക്ക് അഞ്ചുവർഷം തടവ് ശിക്ഷ വിധിച്ച് കോടതി


സ്വന്തം ലേഖകൻ
ചെന്നൈ : മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് അച്ഛനാണെന്ന വ്യാജപരാതി ഉന്നയിച്ചതിന് അമ്മയ്ക്ക് തടവുശിക്ഷ. വ്യാജപരാതി ഉന്നയിച്ചതിനും വ്യാജരേഖകള്‍ ചമച്ചതിനുമാണ് മധ്യവയസ്‌കയെ ചെന്നൈയിലെ പോക്‌സോ കോടതി അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ഇതിനുപുറമേ സ്ത്രീക്കെതിരേ ആറായിരം രൂപ പിഴയും ചുമത്തി.

ആറുവര്‍ഷം മുന്‍പാണ് മകളുടെ ഗര്‍ഭത്തിന് ഉത്തരവാദി അച്ഛനാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ തന്നെ പരാതി നല്‍കിയത്. ഇതിന്റെ തെളിവായി ചില ലാബ് റിപ്പോര്‍ട്ടുകളും ഇവര്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അച്ഛന്‍ ഇതിനെതിരേ കോടതിയെ സമീപിച്ചു. ആദ്യം കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ച ഇദ്ദേഹം പിന്നീട് കേസ് റദ്ദാക്കാനും ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് കോടതി കേസ് പരിഗണിച്ചതോടെയാണ് പരാതിക്കാരി സമര്‍പ്പിച്ച ലാബ് റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. ഡോക്ടറുടെ റിപ്പോര്‍ട്ട് അടക്കം വ്യാജമായി നിര്‍മിച്ചതാണെന്നാണ് കോടതിയില്‍ തെളിഞ്ഞത്. ലാബ് അസിസ്റ്റന്റായി സ്ത്രീ ജോലിചെയ്തിരുന്ന ലാബിന്റെ പേരിലാണ് റിപ്പോര്‍ട്ടുകള്‍ വ്യാജമായി തയ്യാറാക്കിയതെന്നും കണ്ടെത്തി.

കേസില്‍ പീഡനത്തിനിരയായെന്ന് ആരോപിച്ചിരുന്ന മകളുടെ മൊഴിയും കോടതി രേഖപ്പെടുത്തിയിരുന്നു. അമ്മയ്‌ക്കെതിരേയാണ് പെണ്‍കുട്ടിയും മൊഴി നല്‍കിയത്. മാത്രമല്ല, കുടുംബകോടതിയില്‍ ദമ്പതിമാരുടെ വിവാഹമോചന കേസ് നിലവിലുണ്ടെന്നും വ്യക്തമായി. തുടര്‍ന്ന് പരാതിക്കാരി കബളിപ്പിച്ചെന്ന് ബോധ്യപ്പെട്ടതോടെയാണ് പോക്‌സോ കോടതി ഇവരെ ശിക്ഷിച്ചത്.

Post a Comment

0 Comments