banner

പനയത്ത് പ്രമുഖ വ്യവസായി പൊതുവഴി കയ്യേറിയതായി പരാതി!, കയ്യേറി മതിലു കെട്ടിയിട്ടും പഞ്ചായത്തിന് കുലുക്കമില്ല, രാഷ്ട്രീയ സ്വാധീനമോ? - അഷ്ടമുടി ലൈവ് അന്വേഷണം


ഇൻഷാദ് സജീവ്
പനയം : പനയത്ത് പ്രമുഖ വ്യവസായി പൊതുവഴി കയ്യേറിയതായി പരാതിയുമായി പ്രദേശവാസി രംഗത്ത്. സ്വഭാവത്തിൽ പരാതി കൊടുത്തിട്ടും പഞ്ചായത്ത് അധികൃതർക്ക് കുലുക്കമില്ലെന്നാണ് പരാതിക്കാരനായ അബ്ദുൽ ഹക്കീം പറയുന്നത്. പനയം ഗ്രാമപഞ്ചായത്ത് പരിധിയിലെ ചാത്തനാംകുളം വാർഡിലാണ് രണ്ടര മീറ്ററോളം ഉള്ള പൊതുവഴിയിൽ മുപ്പത് സെൻറീമീറ്ററോളം വഴി സ്വകാര്യവ്യക്തി മതിൽ കെട്ടി കൈയടക്കിയത്. ഇത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും ദിവസങ്ങൾ പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പരാതിക്കാരന്റെ ആക്ഷേപം. ഇരുപത്തിനാലോളം കുടുംബങ്ങളാണ് ഈ വഴിയെ ആശ്രയിച്ച് കഴിയുന്നത്. എല്ലാവരും തന്നെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരാണെന്നും അവരെ വഞ്ചിക്കുന്ന നിലപാടാണ് പഞ്ചായത്ത് സ്വീകരിക്കുന്നതെന്നും പരാതിക്കാരൻ ആരോപിക്കുന്നു. വില്ലേജ് ഓഫീസർക്ക് നൽകിയ പരാതിയിൽ പുറമ്പോക്ക് ആണെന്ന് കണ്ടെത്തിയിരുന്നു. ഇതിൻറെ റിപ്പോർട്ട് മേൽഘടകങ്ങളിലേക്ക് അയച്ചതാണ്. പക്ഷേ രാഷ്ട്രീയ സ്വാധീനമൂലമാകാം നടപടികൾ നാളിതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപണമുന്നയിച്ചു.

'പനയം വില്ലേജ് ഓഫീസർക്കും സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർ ഇത് പുറമ്പോക്ക് ആണെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചതാണ്. എന്നാൽ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പഞ്ചായത്തിന്റെ പുറംപോക്ക് ഭൂമി കയ്യേറിയ ആൾ രാഷ്ട്രീയമായും സാമ്പത്തികമായും സ്വാധീനമുള്ള ആളാണ്. ഇതിനാൽ പഞ്ചായത്ത് മനപ്പൂർവ്വം നടപടി വൈകിപ്പിക്കുകയാണോ എന്നതിലും സംശയം നിലനിൽക്കുന്നു. കഴിഞ്ഞവർഷം പഞ്ചായത്തിന്റെ ആസ്തിയിലേക്ക് തൻ്റെ കൈവശമുള്ള ഏകദേശം മൂന്നര സെൻറ് സ്ഥലം പൊതുജനങ്ങളുടെ വഴിക്കായി വിട്ടു നൽകാമെന്ന് ഞാൻ പറഞ്ഞതാണ്. നാളിതുവരെയായി അതിലും യാതൊരു നടപടിയും പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല. മാത്രമല്ല നടപടി സ്വീകരിച്ചോ എന്ന് ചോദിക്കുമ്പോൾ എന്നോ ഒരു നോട്ടീസ് അയച്ചു എന്നാണ് പഞ്ചായത്ത് ഇപ്പോൾ അറിയിക്കുന്നത്. രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തികൾ അവർക്ക് സഹായം ചെയ്യുന്നുണ്ട്' - പരാതിക്കാരൻ പറയുന്നു.

പരാതി ലഭിച്ചിട്ടുണ്ട്

പരാതി ലഭിച്ചിട്ടുണ്ട് തുടർനടപടി സ്വീകരിച്ചുവരികയാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിജി രമേശ് പറഞ്ഞു. 'നിർമ്മാണ അവസ്ഥയിൽ തന്നെ പരാതിക്കാരൻ തന്നെ വിവരം അറിയിച്ചിരുന്നു. ശേഷം അവിടെയെത്തി ഉടമയോട് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. തുടർനടപടി സ്വീകരിക്കും.' - വിജി രമേശ് അഷ്ടമുടി ലൈവിനോട് വ്യക്തമാക്കി.

Post a Comment

0 Comments