banner

‘ഇന്ത്യ’സഖ്യത്തിന്‌ വീണ്ടും തിരിച്ചടി; ലോക്സഭയിൽ രണ്ട്, രാജ്യസഭാ സീറ്റും വാ​ഗ്ദാനം; ആർഎൽഡിയും എൻഡിഎയിലേക്ക്


സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി : ബിഹാറിന് പിന്നാലെ ഉത്തര്‍പ്രദേശിലും ഇന്ത്യ സഖ്യത്തിന് വന്‍ തിരിച്ചടി. സംസ്ഥാനത്ത് സമാജ്‌വാദി പാര്‍ട്ടി സഖ്യമുപേക്ഷിച്ച് ജയന്ത് ചൗധരിയുടെ ആര്‍.എല്‍.ഡി. ബി.ജെ.പിയുമായി കൈകോര്‍ക്കുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ധാരണയായതിനെത്തുടര്‍ന്ന് ആര്‍.എല്‍.ഡിയും എന്‍ഡിഎ ഘടകകക്ഷിയാകും.ലോക്‌സഭയില്‍ ഉത്തര്‍പ്രദേശില്‍ രണ്ട് സീറ്റുകള്‍ക്ക് പുറമേ ഒരു രാജ്യസഭാ സീറ്റും നല്‍കാമെന്ന ബി.ജെ.പിയുടെ വാഗ്ദാനത്തിന് ജയന്ത് ചൗധരി കൈകൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

ബിഹാറില്‍ ജെ.ഡി.യുവിനെ എന്‍.ഡി.എയില്‍ എത്തിച്ചതിന് പിന്നാലെയാണ് ബി.ജെ.പി. രാഷ്ട്രീയ ലോക്ദളിനേയും നോട്ടമിട്ടത്‌. നാലു സീറ്റുകളായിരുന്നു ആര്‍.എല്‍.ഡിയുടെ ആവശ്യം. പടിഞ്ഞാറന്‍ യു.പി.യിലെ ജാട്ട് മേഖലകളില്‍ സ്വാധീനമുള്ള പാര്‍ട്ടിയെ ചാക്കിലാക്കി സംസ്ഥാനത്ത് പരമാവധി നേട്ടമുണ്ടാക്കുകയാണ് ബി.ജെ.പി.യുടെ ലക്ഷ്യം.

കര്‍ഷകസമരം ഈ മേഖലകളില്‍ ബി.ജെ.പി.ക്ക് ക്ഷീണമുണ്ടാക്കിയിരുന്നു. ജെ.ഡി.യു.വിനു പിന്നാലെ ആര്‍.എല്‍.ഡി.കൂടി പോയാല്‍ പ്രതിപക്ഷത്തെ ഇന്ത്യസഖ്യത്തിന് കനത്ത തിരിച്ചടിയാവും.

കഴിഞ്ഞതവണ യു.പി.യില്‍ 62 സീറ്റുകളാണ് ബി.ജെ.പി. നേടിയത്. അയോധ്യ രാമക്ഷേത്രം യാഥാര്‍ഥ്യമാക്കിയതോടെ ഇക്കുറി പരമാവധി സീറ്റുകള്‍ സ്വന്തമാക്കാമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. ഇത്തവണ എസ്.പി.യുമായി നേരത്തേയുണ്ടാക്കിയ ധാരണയനുസരിച്ച് ഏഴു സീറ്റുകളില്‍ ആര്‍.എല്‍.ഡി. മത്സരിക്കുമെന്ന് ജയന്ത് ചൗധരി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

എസ്.പി.യുമായി ചേര്‍ന്ന് മത്സരിച്ച 2014-ലും 2019-ലും ആര്‍.എല്‍.ഡി.ക്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റിലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. 2009-ല്‍ ബി.ജെ.പി.ക്കൊപ്പം ചേര്‍ന്നപ്പോള്‍ അഞ്ചു സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു.

Post a Comment

0 Comments