സ്വന്തം ലേഖകൻ
കുണ്ടറ : പത്തനാപുരത്ത് നടന്ന, കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോ. ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ സ്വകാര്യ കേബിൾ ഓപ്പറേറ്റർമാരെയും ജീവനക്കാരെയും കാപ്പ കേസ് പ്രതി വൈശാഖിന്റെ നേതൃത്വത്തിലുള്ള 9 അംഗ സംഘം ക്രൂരമായി മർദ്ദിച്ചു.
ആശുപത്രിമുക്കിലെ റസ്റ്റോറന്റിൽ നിന്ന് ആഹാരം കഴിച്ച് പുറത്തിറങ്ങിയപ്പോഴാണ് വൈശാഖും സംഘവും ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ കേബിൾ ഓപ്പറേറ്റർ ഉമ്മൻ വർഗീസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റൊരു ഓപ്പറേറ്റർ ഷിബു പ്രതാപൻ, ജീവനക്കാരൻ അനിൽകുമാർ എന്നിവർക്ക് സാരമായും ജോമോൻ, അരുൺ എന്നിവർക്ക് നിസാര പരിക്കുമേറ്റു. വൈശാഖും സംഘവും അസഭ്യം പറഞ്ഞ് കളിയാക്കിയത് ചോദ്യം ചെയ്തതിനാണ് ഓപ്പറേറ്റർമാരെയും ജീവനക്കാരെയും മർദ്ദിച്ചത്.
കുണ്ടറ പൊലീസ് കേസെടുത്തു. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോ. ജില്ലാ കമ്മിറ്റി ഡി,ജി.പിക്ക് പരാതി നൽകി.
0 Comments