banner

ഓട്ടോയിൽ നിന്ന് തെറിച്ചുവീണ ഏഴു വയസുകാരനെ കാറിടിച്ച സംഭവം!, കാറും വാഹനം ഓടിച്ചയാളും പോലീസ് പിടിയിൽ, പിടിയിലായത് വാഹന ഉടമയുടെ സുഹൃത്ത്


സ്വന്തം ലേഖകൻ
കൊച്ചി : ആലുവയിൽ കുട്ടിയെ ഇടിച്ച് തെറിപ്പിച്ചശേഷം നിര്‍ത്താതെ പോയ കാര്‍ ഓടിച്ചത് വാഹനത്തിന്‍റെ ഉടമയുടെ സുഹൃത്താണെന്ന് പൊലീസ്. സംഭവത്തില്‍ നെടുമ്പാശ്ശേരി സ്വദേശി ഷാൻ ആണ് പിടിയിലുള്ളതെന്നും കാറിന്‍റെ ഉടമയായ രജനിയുടെ സുഹൃത്താണിയാളെന്നും ആലുവ ഡിവൈഎസ്പി എ പ്രസാദ് പറഞ്ഞു. ഷാൻ ആണ് വാഹനം ഓടിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും ഡിവൈഎസ്പി പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് ഷാനിനെയും വാഹന ഉടമയായ രജനിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന ബന്ധുക്കളുടെ ആരോപണം അന്വേഷിക്കുമെന്നും ആലുവ സിഐയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു. നേരത്തെ വാഹനം ഓടിച്ചത് ബന്ധുവാണെന്നായിരുന്നു നേരത്തെ വാഹന ഉടമ പറഞ്ഞിരുന്നത്.

ഇന്നലെ രാവിലെയാണ് ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്ത് കാര്‍ കയറി ഇറങ്ങിയത്. ആലുവ കുട്ടമശേരി റോഡിലുണ്ടായ അപകടത്തില്‍ പൊലീസ് അലംഭാവം വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കൈമാറിയിട്ടും വാഹനം കണ്ടെത്താൻ നടപടി സ്വീകരിക്കാതെ ഇൻസ്പെകടര്‍ക്ക്  രേഖാമൂലം പരാതി നൽകാനാണ് പൊലീസ് ബന്ധുക്കളോട്   ആവശ്യപ്പെട്ടത്. അലംഭാവം വാർത്തയായതോടെ ഇന്നലെ രാത്രി 10 മണിയോടെ ആശുപത്രിയിലെത്തി പൊലീസ് കുട്ടിയുടെ അച്ഛന്‍റെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ പത്ത് മണിയോടെ കാര്‍ കണ്ടെത്തിയത്. പിന്നാലെ ഉടമസ്ഥയായ രജനിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

അപകട സമയത്ത് ബന്ധുവാണ് കാര്‍ ഓടിച്ചതെന്ന് ഇവര്‍ പറഞ്ഞതു പ്രകാരം ബന്ധുവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, ഓടിച്ചത് ബന്ധുവല്ലെന്നും സുഹൃത്താണെന്നും പൊലീസ് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ കുട്ടി കാറിനടയില്‍പെട്ടത് അറിഞ്ഞില്ലെന്നാണ് അവര്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ആശുപത്രിയിൽ പോയി ഓട്ടോറിക്ഷയിൽ മടങ്ങുന്നതിനിടെ അച്ഛൻ പ്രജിത്ത് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്നാണ് ഏഴു വയസുകാരൻ മകൻ നിഷികാന്ത്  റോഡിലേക്ക് തെറിച്ച് വീണത്.അപകടത്തിന് പിന്നാലെ കുട്ടി എഴുന്നേറ്റിരുന്നെങ്കിലും പിന്നാലെ വന്ന കാർ ഇടിക്കുകയായിരുന്നു.അപകടമുണ്ടാക്കിയ കാർ നിർത്താതെപോകുകയും ചെയ്തു.കുട്ടിയെ ആദ്യം സമീപത്തെ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിഷികാന്ത് ഇപ്പോൾ രാജഗിരി ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.

Post a Comment

0 Comments