സ്വന്തം ലേഖകൻ
കൊല്ലം : അഞ്ചൽ തടിക്കാട് വീട്ടമ്മയായ യുവതിയും ആണ്‍സുഹൃത്തും വീടിനുള്ളില്‍ തീ പൊള്ളലേറ്റ് മരിച്ചു. തടിക്കാട് പുളിമുക്കില്‍ പൂവണത്തുംവീട്ടില്‍ സിബിക (40), തടിക്കാട് പുളിമൂട്ടില്‍ തടത്തില്‍ വീട്ടില്‍ ബിജു (47) എന്നിവരാണ് മരിച്ചത്. മരിച്ച സിബികയുടെ സുഹൃത്താണ് ബിജു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ ബിജു സിബികയുടെ വീട്ടിലെത്തി യുവതിയെ തീ കൊളുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരുന്നതായി അഞ്ചൽ പോലീസ് അറിയിച്ചു.
സംഭവത്തിൽ ലഭ്യമാകുന്ന പ്രാഥമിക വിവരം ഇങ്ങനെ:
കഴിഞ്ഞ ദിവസം വൈകിട്ടോടെ സിബികയുടെ സുഹൃത്തായ ബിജു പെട്രോളുമായി സിബികയുടെ വീട്ടിലെത്തുകയായിരുന്നു. വീടിൻ്റെ മുൻവശത്തെ വരാന്തയിൽ ഇരുന്ന സിബികയെ ഇയാള്‍ ബലമായി പിടിച്ചു കൊണ്ട് വീടിനകത്ത് തളളി വാതിലുകള്‍ അടക്കുകയും ശരീരത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.
സംഭവം സമയം വീടിനു പുറത്തുണ്ടായിരുന്ന കുട്ടികൾ തീ ഉയരുന്നത് കണ്ട് വീടിന്റെ ജനാലകള്‍ തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇവരുടെയും തീയിൽ പെട്ടവരുടെയും അലർച്ച കേട്ടാണ് നാട്ടുകാര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്. ഇവർ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമം നടത്തുകയും ആയിരുന്നു.
ഇതിനിടെ വീടിന് അകത്ത് കയറാൻ കഴിഞ്ഞെങ്കിലും ഇരുവരും പൂർണ്ണമായും പൊള്ളലേറ്റ നിലയിലും മുറിയിലെ സമീപത്ത് പെട്രോൾ വീണതിനെ തുടർന്ന് തീ പടർന്ന കട്ടില്‍ കത്തിയ നിലയിലായിലും ആയിരുന്നു.
മരിച്ച സിബികയും സുഹൃത്തായ ബിജുവും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. സിബിക ബിജുവിന് പണം കടമായി നൽകിയിരുന്നു. സിബികയുടെ ഭര്‍ത്താവ് ഉദയകുമാര്‍ ഗള്‍ഫില്‍ തൊഴിലെടുക്കുകയാണ്. ഇദ്ദേഹം നാട്ടില്‍ വന്നപ്പോള്‍ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് അറിയുകയും തുടർന്ന് ബിജുവിനെതിരെ പണം തിരികെ ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
പരാതി സ്വീകരിച്ച പോലീസ് ബിജുവിനെയും പരാതിക്കാരെയും വിളിച്ചു കൂട്ടി സംഭവത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു. പണം വാങ്ങിയതായി സമ്മതിച്ച ബിജു പണം തിരികെ നൽകാമെന്നും അതിന് സമയം വേണമെന്നും അറിയിച്ചു. പോലീസിന് മുന്നിൽ നടത്തിയ സമവായ ചർച്ചയിൽ ബിജു സിബികയിൽ നിന്ന് വാങ്ങിയതായ പണം മാര്‍ച്ചില്‍ തിരികെ കൊടുക്കാമെന്നും ബിജു പോലീസിന് മുന്നിൽ സമ്മതിച്ചിരുന്നു.
കാര്യങ്ങൾ ഇങ്ങനെയായിരിക്കെയാണ് കഴിഞ്ഞദിവസം അത്യാഹിതം സംഭവിച്ചത്. പണം തിരികെ നല്‍കേണ്ട ദിവസം അടുത്തപ്പോഴുണ്ടായ ആത്മഹത്യ സാമ്പത്തികമായ വിഷയങ്ങൾ മൂലം ആണെന്നാണ് പോലീസ് വൃത്തങ്ങൾ നിഗമനമായി സൂചിപ്പിക്കുന്നത്. സംഭവത്തിൽ പോലീസ് മേൽനടപടി സ്വീകരിച്ചു. വിശദമായ അന്വേഷണം നടത്തുന്നതായും പോലീസ് അറിയിച്ചു.
%20(89).jpg)
0 Comments