banner

അഞ്ചാലുംമൂട്ടിലെ മഷ്‌വി ഹോട്ടൽ വീണ്ടും തുറന്നു!, ചിക്കൻ ഫ്രൈയിൽ പുഴുവെന്ന പരാതിയിൽ തെളിവുകൾ ശേഖരിക്കാൻ ആയില്ലെന്ന് ഹെൽത്ത് ഇൻസ്പെക്ടർ


ഇൻഷാദ് സജീവ്
അഞ്ചാലുംമൂട് :  അഞ്ചാലമൂട്ടിലെ പ്രസിദ്ധമായ മഷ്‌വി റസ്റ്റോറൻറ് വീണ്ടും തുറന്നു. ചിക്കൻ ഫ്രൈയിൽ പുഴുവിനെ കണ്ടെത്തിയെന്ന് പരാതിക്ക് പിന്നാലെ നടത്തിയ പരിശോധനയിൽ ഭക്ഷണസാധനങ്ങളിൽ പുഴുവിനെ കണ്ടെത്താനായില്ലെങ്കിലും ശുചിയാക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ട് ഹോട്ടൽ നേരത്തെ അടപ്പിച്ചിരുന്നു. 

വീണ്ടും തുറന്നതിനെ സംബന്ധിച്ച് ആരാഞ്ഞപ്പോൾ പരിശോധനയിൽ പരിസര ശുചിത്വം കുറവായതിനാൽ ആണ് അടപ്പിച്ചതെന്നും രണ്ടുദിവസം അടച്ചിട്ട ശേഷം ശുചിത്വത്തെ സംബന്ധിച്ച് നിർദ്ദേശങ്ങൾ പരിഹരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും തുറക്കാൻ അനുമതി നൽകിയതെന്നുമാണ്  കോർപ്പറേഷൻ അധികൃതർ നൽകുന്ന വിശദീകരണം. നേരത്തെ വിഷയം കോർപ്പറേഷൻ കൗൺസിൽ ചർച്ചയ്ക്ക് വന്നിരുന്നു.

ഇതിനിടെ സംഭവത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നാണ് ഹോട്ടലുമായി ബന്ധപ്പെട്ട അധികൃതർ പറയുന്നത്. പരാതി സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നുണ്ട്. നന്നായി പാകം ചെയ്തതിനുശേഷം ആണ് ഭക്ഷണസാധനങ്ങൾ നൽകാറുള്ളത്. കുറേനേരം എണ്ണയിൽ കിടന്നാണ് ചിക്കൻ ഫ്രൈ ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ വേവുന്നത്. ഇതിൽ പുഴുവിനെ കണ്ടെത്തിയതായ പ്രചാരണത്തിന്റെ ലോജിക് മനസ്സിലാകുന്നില്ലെന്നും. കൂടുതൽ പ്രതികരിക്കാനില്ലെന്നും ഹോട്ടലുമായി ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.

അതേസമയം, ചിക്കൻ ഫ്രൈയിൽ പുഴുവിനെ കണ്ടതായ പരാതിയിൽ ഹോട്ടലിൽ നിന്ന് വിവരം സ്ഥിരീകരിക്കുന്നതായ യാതൊരു തെളിവും കണ്ടെത്താനായില്ലെന്ന് തൃക്കടവൂർ സോണൽ ഹെൽത്ത് ഇൻസ്പെക്ടർ അനീസ് അഷ്ടമുടി ലൈവിനോട് പറഞ്ഞു. പരിശോധന വേളയിൽ പരിസരം ശുചിയാക്കണം എന്ന് നിർദ്ദേശിച്ചുകൊണ്ടാണ് സ്ഥാപനം അടച്ചിടാൻ ആവശ്യപ്പെട്ടത്. രണ്ടുദിവസം അടച്ചിട്ട ശേഷം കോർപ്പറേഷനിൽ അനുമതിക്കായി സമീപിച്ചതായി അറിയാൻ കഴിഞ്ഞിരുന്നതായും ഹെൽത്ത് ഇൻസ്പെക്ടർ വ്യക്തമാക്കി. വ്യാഴാഴ്ചയാണ് പരാതിക്കാരൻ ആഹാരസാധനം വാങ്ങിയത് വിവരം കിട്ടിയ ഉടൻ പരിശോധന നടത്താനായി ഹോട്ടലിൽ എത്തിയെങ്കിലും ഹോട്ടൽ അടച്ചിരുന്നു.   തുടർന്നാണ് വെള്ളിയാഴ്ച രാവിലെ തന്നെ പരിശോധന നടത്തിയത്. എന്നാൽ ഈ സമയം പഴകിയ ഭക്ഷണസാധനങ്ങൾ ഒന്നും ഹോട്ടലിൽ ഇല്ലായിരുന്നു - അദ്ദേഹം കൂട്ടിച്ചേർത്തു.

إرسال تعليق

0 تعليقات