സ്വന്തം ലേഖകൻ
കൊല്ലം : ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ കണ്ണനല്ലൂർ കിഴക്കേ ചെമ്പടപ്പ് വീട്ടിൽ റിട്ട. അദ്ധ്യാപകനായ സുൽത്താൻ പിള്ളയുടെയും ഐഷാബീവിയുടെയും മകൻ ഷാഹുൽ ഹമീദിനെ (51) വീടിനോട് ചേർന്നുള്ള ചായ്പ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. ഉച്ചയ്ക്ക് ചാത്തന്നൂർ സ്‌റ്റേഷനിലെ സ്‌റ്റേഷൻ വാച്ച് ഡ്യൂട്ടിയായിരുന്നു ഷാഹുൽ ഹമീദിന് നിശ്ചയിച്ചിരുന്നത്. ഇതിനായി വീട്ടിൽ നിന്ന് സിവിൽ വേഷത്തിൽ ഇറങ്ങി. ഈ സമയം മക്കൾ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സർക്കാർ ഉദ്യോഗസ്ഥയായ ഭാര്യ ജോലിക്ക് പോയിരുന്നു. ഒരു മണിക്ക് ജോലിക്ക് ഹാജരാകേണ്ട ഷാഹുൽ ഹമീദ് സ്‌റ്റേഷനിൽ എത്താതിരുന്നതിനാൽ സ്‌റ്റേഷനിൽ നിന്ന് ഫോണിലേക്ക് തുടർച്ചയായി വിളിച്ചിരുന്നു. ഫോൺ ബെല്ലടിക്കുന്നത് കേട്ട് മകൾ നാല് മണിയോടെ വീടിന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഷാഹുൽ ഹമീദിനെ ചായ്പിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. ബഹളം വച്ചതോടെ അയൽവാസികളും നാട്ടുകാരും ഓടിക്കൂടി. തുടർന്ന് കണ്ണനല്ലൂർ സ്‌റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
ചാത്തന്നൂർ എ.സി.പി ബിജു വി.നായർ, കണ്ണനല്ലൂർ സി.ഐ.വിനോദ് കുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ.ബാബുരാജ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി. ഫോറൻസിക് വിദഗ്ദ്ധരുൾപ്പെടെയെത്തി പരിശാധന നടത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഏറെക്കാലമായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു ഷാഹുൽ ഹമീദ്. കേസ് ഫയൽ എഴുതുന്ന ഡ്യൂട്ടിയായിരുന്നു. ഒരുമാസമായി മെഡിക്കൽ ലീവിലാണ്. 10 ദിവസം മുൻപാണ് ജോലിയിൽ പ്രവേശിച്ചത്. സ്‌റ്റേഷൻ വാച്ച് ഡ്യൂട്ടി മാത്രമായിരുന്നു ഇക്കാലയളവിൽ നൽകിയിരുന്നത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. കൊല്ലം എ.ആർ ക്യാമ്പ്, ചാത്തന്നൂർ പൊലീസ് സ്‌റ്റേഷൻ എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വച്ച ശേഷം കണ്ണനല്ലൂർ മുസ്ലീം ജമാഅത്ത് പള്ളി കബർസ്ഥാനിൽ കബറടക്കും. കണ്ണനല്ലൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ: സജീല (ജി.എസ്.ടി വകുപ്പ്, തിരുവനന്തപുരം). മക്കൾ: അൽ അമീൻ, ഷെഹീന, ആമിന.
സംസ്ഥാന പൊലീസിൽ അഞ്ച് വര്‍ഷത്തിനിടെ 69 പേർ ആത്മഹത്യ ചെയ്തതെന്നാണ് 2023 ല്‍ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019 ജനുവരി മുതൽ 2023 സെപ്തംബര്‍ വരെ 69 പേരാണ് കേരള പൊലീസ് സേനയില്‍ ആത്മഹത്യ ചെയ്തത്. ഇതിൽ 32 പേര്‍ സിവിൽ പൊലീസ് ഓഫീസർമാരാണ്. 16 സീനിയർ സിവിൽ പൊലിസ് ഓഫീസർമാരും 8 ഗ്രേഡ് എസ്ഐമാരും ഒരു എസ്എച്ച്ഒയും ആത്മഹത്യ ചെയ്തിട്ടുണ്ട്. 2019ൽ 18 പേർ ആത്മഹത്യ ചെയ്തപ്പോള്‍ 2020ൽ 10 ഉം, 2021 ൽ എട്ടും പേരാണ് ആത്മഹത്യ ചെയ്തത്. ജോലി സമ്മര്‍ദ്ദത്തിന് ഒപ്പം കുടുംബ പ്രശ്നങ്ങളും ആത്മഹത്യകൾക്ക് കാരണമാകുന്നുണ്ടെന്നായിരുന്നു പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിലെ കണ്ടെത്തൽ. ജീവിതം പാതിവഴിക്ക് അവസാനിപ്പിക്കുന്ന പൊലീസുകാരുടെ എണ്ണം ഏറി വരുമ്പോഴും കൗൺസിലിംഗിന് തയ്യാറാക്കിയ പദ്ധതി പണമില്ലാത്ത കാരണം നിലച്ചുപോയിരുന്നു.
0 Comments