banner

സാമ്പ്രാണിക്കോടിയിലെ തീരം റെസ്റ്റോറൻ്റിന് ലൈസൻസില്ല!, കെട്ടിടം ഡി.ടി.പി.സിയുടേതാണെങ്കിലും തീരത്തെ 'തീരം' അനധികൃത കെട്ടിടം, പൂട്ടാൻ നോട്ടീസ് നൽകിയേക്കുമെന്ന് സൂചന


ഇൻഷാദ് സജീവ്
പ്രാക്കുളം : സാമ്പ്രാണിക്കോടിയിൽ പ്രവർത്തിക്കുന്ന തീരം റസ്റ്റോറന്റിന് പ്രവർത്തനാനുമതിയില്ലെന്ന് തൃക്കരുവ ഗ്രാമപഞ്ചായത്ത്. കെട്ടിടം കേരള ടൂറിസം വകുപ്പിന് കീഴിലെ ഡി.ടി.പി.സിയുടെ ഉടമസ്ഥതയിൽ ആണെങ്കിലും കോസ്റ്റൽ റെഗുലേസേഷൻ സോൺ ലംഘിച്ചുള്ളതായതിനാൽ കെട്ടിട നമ്പർ നൽകിയിട്ടില്ലെന്നും അതിനാൽ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ലൈസൻസ് നൽകാൻ ആകില്ലെന്നുമാണ് പഞ്ചായത്തിന്റെ നിലപാട്. 

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഡി.ടി.പി.സിക്കാണെങ്കിലും നിലവിൽ റസ്റ്റോറൻറ് നടത്തുന്നത് സ്വകാര്യവ്യക്തിയാണ്. ടെൻഡർ മുഖേനയാണ് റസ്റ്റോറൻറ് പ്രവർത്തിപ്പിക്കാൻ ഇദ്ദേഹത്തിന് ഡി.ടി.പി.സി കെട്ടിടം വിട്ട് നൽകിയത്. ലക്ഷങ്ങൾ ഇത്തരത്തിൽ വരുമാനമായി ഡി.ടി.പി.സിക്ക് ലഭിക്കുന്നുണ്ടെങ്കിലും നിലവിൽ ഇതുവരെയും കെട്ടിടം ക്രമവൽക്കരിച്ച് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തിനെ സമീപിച്ചിട്ടില്ല എന്നതാണ് പഞ്ചായത്ത് നൽകുന്ന ഔദ്യോഗിക വിവരം.

കെട്ടിടത്തിന് ലൈസൻസ് ഇല്ലെന്നും ബന്ധപ്പെട്ട തുടർനടപടികൾ പഞ്ചായത്ത്  സെക്രട്ടറി സ്വീകരിക്കണമെന്നും 2022-23-ലെ ഓഡിറ്റ് നിർദ്ദേശങ്ങളിൽ പരാമർശമുണ്ടായിരുന്നു.  അതേസമയം, കെട്ടിടത്തിന് ലൈസൻസ് ഇല്ലാത്തത് ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ചിരുന്നതായി പഞ്ചായത്ത് അധികൃതർ വിശദീകരിച്ചു. 

കോസ്റ്റൽ റെഗുലേഷൻസ്  സോൺ ലംഘിച്ചുള്ള നിർമ്മാണ പ്രവർത്തനമായതിനാൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് പ്രവർത്തനാനുമതിയായ ലൈസൻസ് നൽകുക അസാധ്യമായ സംഭവമാണെന്നും അവർ വിശദീകരിച്ചു. നോട്ടീസിന് സ്ഥാപനത്തിൻ്റെ അധികൃതർ മറുപടി നൽകാത്ത സാഹചര്യമുണ്ടായതിനാലും ഓഡിറ്റ് പരാമർശത്തെ മുൻനിർത്തി നടപടികൾ സ്വീകരിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.

Post a Comment

0 Comments