banner

ഭരണ സ്തംഭനം സംഭവിച്ചുവെന്ന സിപിഎം ആരോപണം തള്ളുന്നു!, അഷ്ടമുടി സബ് സെൻറർ വിവാദത്തിൽ എന്നും ഒരേ നിലപാട്, നാടിൻറെ വികസനവും നാട്ടുകാരുടെ ക്ഷേമവും മുഖമുദ്രയാക്കി കൊണ്ടാണ് ഭരണസമിതി മുന്നോട്ടുപോകുന്നത്, വിവാദ വിഷയങ്ങളിൽ അഷ്ടമുടി ലൈവിനോട് പ്രതികരിച്ച് തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സരസ്വതി രാമചന്ദ്രൻ


ഇൻഷാദ് സജീവ്
തൃക്കരുവ : കുടിവെള്ള പ്രശ്നത്തിൽ അല്ലാതെ വീണു പോയിട്ടില്ലെന്നും നാടിൻറെ വികസനവും നാട്ടുകാരുടെ ക്ഷേമവും മുഖമുദ്രയാക്കി കൊണ്ടാണ് തൃക്കരുവ ഗ്രാമപഞ്ചായത്ത് ഭരണസമിതി മുന്നോട്ടുപോകുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സരസ്വതി രാമചന്ദ്രൻ. കുടിവെള്ള പ്രശ്നത്തിൽ ജല അതോറിറ്റി ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയത് കൊണ്ടാണ് പാളിച്ചകൾ സംഭവിച്ചത് ഭരണസമിതി അവിടെയും ഉപേക്ഷ വിചാരിച്ചില്ല ഓരോ പ്രവർത്തനങ്ങളും ഞങ്ങൾ മുന്നിട്ടിറങ്ങി വേഗം കൈവരിപ്പിച്ചു. കുടിവെള്ള പ്രശ്നത്തിന്റെ ശാശ്വത പരിഹാരം മുന്നിൽക്കണ്ട് ഒന്നിലേറെ പദ്ധതികളാണ് തൃക്കരുവയിൽ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുന്നതെന്ന് അവർ പറഞ്ഞു. ഭരണ സ്തംഭനം സംഭവിച്ചുവെന്ന സിപിഎം ആരോപണം തള്ളുന്നതായും സ്തംഭനം എവിടെയാണ് സംഭവിച്ചത് എന്ന് സിപിഎം ചൂണ്ടിക്കാണിക്കണമെന്നും അവർ തുറന്നടിച്ചു.

അഷ്ടമുടി സബ് സെൻറർ വിവാദത്തിൽ അന്നു പറഞ്ഞതു തന്നെയാണ് ഇപ്പോഴും പറയാനുള്ളത് എന്നും. എല്ലായിപ്പോഴും എന്ന പോലെ ഈ വിഷയവും  പോസിറ്റീവായി സമീപിക്കാനാണ് ഭരണസമിതി ആഗ്രഹിച്ചത്. ഇന്ത്യയുടെ ബഹുമാന്യനായ പ്രധാനമന്ത്രിയുടെ ചിത്രം നോട്ടീസിൽ അച്ചടിച്ചില്ല എന്നുള്ളതാണ് ബിജെപി ഉന്നയിക്കുന്ന വാദം. എന്നാൽ അവരോട് സൗഹാർദ്ദപരമായി പറയാനുള്ളത് അത്തരത്തിൽ പ്രധാനമന്ത്രിയുടെ ചിത്രം അച്ചടിക്കണമെന്ന ഒരു ഉത്തരവും നാളിതുവരെ പഞ്ചായത്തിന് ലഭിച്ചിട്ടില്ല. പഞ്ചായത്തിന് നിലവിൽ ലഭ്യമായ ഉത്തരവുകൾ അനുസരിച്ചാണ് നോട്ടീസിൽ കേരളത്തിൻറെ ബഹുമാന്യരായ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഉൾപ്പെടെ ചിത്രങ്ങൾ ചേർത്ത് പ്രസിദ്ധീകരിച്ചത്. ആ വിഷയത്തിൽ യാതൊരു വീഴ്ചയും തൃക്കരുവ ഗ്രാമപഞ്ചായത്തിന്റെ ഭരണസമിതിക്ക് ഉണ്ടായിട്ടില്ല എന്നുള്ളത് പകൽപോലെ സത്യമായ കാര്യമാണ്. മുൻ ഭരണസമിതികളെ അപേക്ഷിച്ച് വികസന മുന്നേറ്റം കൈവരിക്കാൻ സഹായിച്ച ഭരണസമിതിയാണ് നിലവിൽ തൃക്കരുവയിൽ തുടരുന്നത് എന്നതിൽ അഭിമാനമുണ്ട്. രാഷ്ട്രീയ വെല്ലുവിളികൾ ആകാമെന്നും എന്നാൽ ജനങ്ങളുടെ ക്ഷേമത്തിനു മുൻതൂക്കം നൽകിയുള്ള രാഷ്ട്രീയപ്രവർത്തനം മാത്രമേ നടത്താവൂവെന്നും വിലകുറഞ്ഞ രാഷ്ട്രീയം ജനങ്ങൾ മനസ്സിലാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ഭരണസമിതി മീറ്റിംഗ് അംഗങ്ങളെ അറിയിക്കാൻ താമസിച്ചു എന്നാണ് പുതിയ വിവാദം. എന്നാൽ ആ വിഷയം അങ്ങനെയല്ല, ഗ്രാമപഞ്ചായത്തിന്റെ നിലവിലെ സെക്രട്ടറി ട്രെയിനിങ് ആവശ്യത്തിനായി പോയതുകൊണ്ട് സാങ്കേതികമായ ചില തകരാറുകൾ നോട്ടീസ് ഇഷ്യൂ ചെയ്യുന്നതിൽ സംഭവിച്ചു. ഇതു പരിഹരിച്ച് നോട്ടീസ് നൽകിയതാണ് പക്ഷേ രാഷ്ട്രീയ കാരണമാകാം ജനക്ഷേമ വിഷയങ്ങൾ മുന്നോട്ട് വെച്ച ഭരണസമിതി മീറ്റിംഗ് അവർ ബഹിഷ്കരിച്ചത്. മുൻപ് കേവലം മണിക്കൂറുകൾക്കു മുൻപ് പോലും നോട്ടീസ് കൈപ്പറ്റി ഭരണസമിതി മീറ്റിങ്ങുകളിൽ  അംഗങ്ങൾ പങ്കെടുത്തിട്ടുണ്ട്. അന്ന് ഇല്ലാത്ത പ്രശ്നം ഇപ്പോൾ ഉണ്ടാകുന്നത് ഏറെ സംശയാസ്പദമാണ്. പഞ്ചായത്തിലെ ഉദ്യോഗതലത്തിൽ വീഴ്ചകൾ ഉണ്ടായിട്ടുണ്ട് എന്നുള്ളത് സത്യമാണ്. എന്നാൽ ഒരു കുടുംബം പോലെ ഇതെല്ലാം പരിഹരിച്ചു മുന്നോട്ടു പോകാനാണ് ഭരണസമിതി ആഗ്രഹിച്ചത്. എന്നാൽ ഭരണസമിതിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ചിലർ ഭരണസമിതിയെ തകർക്കാൻ ചരട് വലിക്കുന്നത് വേദനാജനകമാണെന്നും തൃക്കരുവാ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സരസ്വതി രാമചന്ദ്രൻ അഷ്ടമുടി ലൈവിനോട് പറഞ്ഞു.

Post a Comment

0 Comments