banner

രാവിലെ നഴ്സറിയില്‍ വിട്ട രണ്ടര വയസുകാരന്‍ തനിച്ച് വീട്ടിലെത്തി!, സ്കൂള്‍ അധികൃതര്‍ക്കെതിരെ പരാതിയുമായി രക്ഷിതാക്കള്‍, സ്കൂൾ സമയത്ത് അധ്യാപകർ കല്യാണത്തിന് പോയതായും ആരോപണം


സ്വന്തം ലേഖകൻ
തിരുവനന്തപുരം : നഴ്സറി സ്കൂളില്‍ നിന്ന് രണ്ടര വയസുകാരന്‍ തനിച്ച് വീട്ടിൽ എത്തിയതില്‍ അധികൃതര്‍ക്കെതിരെ പരാതിയുമായി രക്ഷിതാക്കള്‍. തിരുവനന്തപുരം കാക്കാമൂലയിലെ സോര്‍ഹില്‍ ലുതേറന്‍ സ്കൂളിനെതിരെയാണ് രക്ഷിതാക്കളുടെ പരാതി. സംഭവത്തില്‍ നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

30 കുട്ടികളാണ് കാക്കാമൂലയിലെ സോര്‍ഹില്‍ സ്കൂളില്‍ ആകെയുള്ളത്. ഇവരെ പരിചരിക്കാന്‍ നാല് അധ്യാപകരും ഒരു ആയയുമുണ്ട്. തിങ്കളാഴ്ച കുട്ടികളെ ആയയെയും ഏല്‍പിച്ച് അധ്യാപകര്‍ സമീപത്തെ കല്യാണ വീട്ടിലേക്ക് പോയ സമയത്താണ് സംഭവം നടന്നതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. സ്കൂളില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള വീട്ടിലേക്ക് വിജനമായ റോഡിലൂടെ രണ്ടര വയസുകാരന്‍ ഒറ്റയ്ക്ക് നടന്നെത്തി. വീട്ടിലേക്ക് കരഞ്ഞെത്തിയ കുട്ടിയെ കണ്ട രക്ഷിതാക്കള്‍ പരിഭ്രാന്തരായി. സ്കൂളിലേക്ക് വിളിച്ച് വിവരം അറിയിച്ചപ്പോഴാണ് സ്കൂള്‍ അധികൃതരും കുട്ടിയെ കാണാതായെന്നറിയുന്നത്.

രക്ഷിതാക്കളുടെ പരാതിയില്‍ നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം അധ്യാപകരുടെ ഭാഗത്ത് തെറ്റു പറ്റിയെന്നും വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.

Post a Comment

0 Comments