banner

യുവാവിന്റെ മരണം ആള്‍ക്കൂട്ട കൊലപാതകം!, മർദ്ദനം മൂലം ആന്തരിക അവയവങ്ങളിൽ ഏറ്റ ആഘാതതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്, സഹോദരി ഭര്‍ത്താവ് ഉള്‍പ്പെടെ ഒമ്പതു പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്


സ്വന്തം ലേഖകൻ
കാസര്‍കോട് : മഞ്ചേശ്വരം മിയാപ്പദവ് മദക്കലയിലെ മൊയ്തീന്‍ ആരിഫിനെ (22) ആള്‍ക്കൂട്ടം അടിച്ചു കൊന്നതാണെന്ന് തെളിയുന്നു. സംഭവത്തില്‍ ആരിഫിന്റെ സഹോദരി ഭര്‍ത്താവ് ഉള്‍പ്പെടെ ഒമ്പതു പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ രാജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ്  കേസ് അന്വേഷിക്കുന്നത്. പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ആന്തരിക അവയവങ്ങളിൽ ഏറ്റ ആഘാതമാണ് മരണകാരണമെന്ന് കണ്ടെത്തി.

തുടര്‍ന്നാണ് അസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്ത കേസ് കൊലക്കേസ് ആക്കി മാറ്റിയത്. പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഇറക്കി കൊണ്ടുപോയ ആരിഫിനെ 10 അംഗസംഘം വളഞ്ഞിട്ടു മര്‍ദ്ദിച്ച ശേഷം വീട്ടില്‍ കൊണ്ടുവിട്ടതാണെന്ന് പറയുന്നു. മംഗളൂരുവിലെ  ആശുപത്രിയില്‍ മൃതദേഹം  ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ ആരിഫിന്റെ ശരീരം ചതഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് ബന്ധുകള്‍ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഞായറാഴ്ച വൈകിട്ട്  ആരിഫിനെ മിയാപ്പദവ് പരിസരത്ത് മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാത്രി എട്ടുമണിയോടെ പോലീസ് ആരിഫിനെ ബന്ധുക്കളോടൊപ്പം വിട്ടയച്ചു.

ബന്ധുക്കളോടൊപ്പം പോയ ആരിഫ് പകുതി വഴിയില്‍ ചാടി രക്ഷപ്പെടുകയും പിന്തുടര്‍ന്ന് ബന്ധുക്കള്‍ പിടികൂടുകയുമായിരുന്നു. ആരിഫ് ഏറെ വൈകിയാണ് കൂടെ ഉണ്ടായിരുന്നവര്‍ക്കൊപ്പം  വീട്ടിലെത്തിയത്. രാത്രി വീട്ടിലെത്തിച്ചവരോട് ആരിഫിന്റെ ഉമ്മ ആമിന മകനെ ഉടനെ ആശുപത്രിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കൂടെ ഉണ്ടായിരുന്നവര്‍  ഇതിന് തയാറായില്ലെന്ന്  പറയുന്നു. തിങ്കളാഴ്ച ഉച്ചയോടെ ആരിഫ് വീട്ടില്‍ തളര്‍ന്ന് വീഴുകയായിരുന്നു. മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ചിലര്‍ക്ക് ആരിഫിനോട് മുന്‍ വൈരാഗ്യമുണ്ടായിരുന്നു. ഇവരുടെ അക്രമം ഭയന്നാണ് ആരിഫ് വാഹനത്തില്‍നിന്ന്  ചാടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്. പിന്തുടര്‍ന്ന് പിടികൂടിയ സംഘം ആരിഫിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പോലീസിന് കിട്ടിയ വിവരം. ഇതുസംബന്ധിച്ച്  മഞ്ചേശ്വരം പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ആരിഫിന്റെ ബന്ധുക്കള്‍ അടക്കം ചിലര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.

Post a Comment

0 Comments