ഇൻഷാദ് സജീവ്
അഞ്ചാലുംമൂട് : ഇന്നും കുടുംബവുമൊത്ത് അബ്ദുൽ ഹക്കീം കൊല്ലം കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള അഞ്ചാലുംമൂട് മാർക്കറ്റിലെത്തി വർഗ്ഗ സ്നേഹം അല്പം എങ്കിലും ബാക്കിയുള്ള തൊഴിലാളികളോട് മീൻ കച്ചവടം ചെയ്യാനൊരിടം ചോദിക്കാനായിരുന്നു അത്, പക്ഷെ നിരാശയായിരുന്നു ഫലം. ഒരാഴ്ചയ്ക്ക് മുൻപും ഹക്കീം ഇവിടെയൊരു തവണ എത്തിയതാണ് മാർക്കറ്റിൻ്റെ നടത്തിപ്പുകാരന് തറക്കാശ് നൽകി മീൻ കച്ചവടം ചെയ്യാനായിരുന്നു അത്. അന്ന് തൊഴിലാളികൾ എന്ന് വീമ്പു നടിക്കുന്നവർ സംഘടിച്ചെത്തി പറഞ്ഞു കച്ചവടം ചെയ്യാൻ ഞങ്ങൾ സമ്മതിക്കില്ലെന്ന്. ഒടുവിൽ പോലീസ് സ്റ്റേഷനിലേക്ക് എത്തി നീതി നൽകണമെന്ന് ആവശ്യപ്പെട്ടു. പോലീസെത്തിയെങ്കിലും സംഘടിതമായ മീൻ കച്ചവടക്കാർ പോലീസിന് മുന്നിലും അവരുടെ ന്യായം അവതരിപ്പിച്ചു. വേറെ വഴിയില്ലാതെ മാർക്കറ്റിലേക്കുള്ള റോഡരികിൽ കച്ചവടം ചെയ്യാൻ ഹക്കീമിന് പോലീസ് അനുവാദം വാങ്ങി നൽകി പോയി. മാർക്കറ്റിലേക്ക് കയറ്റില്ലെന്ന് കച്ചവടക്കാർ ആവർത്തിച്ചു. അന്ന് നഷ്ടം ആയിരത്തോളം രൂപ കടന്നു. തൊഴിലാളിയെ തൊഴിലാളികൾ ചേർന്ന് ചതിച്ചതിൻ്റെ ചരിത്രാവശേഷിപ്പ് എന്ന പോലെ മണ്ണിൽ കുഴികുത്തി ബാക്കി മീൻ മറവ് ചെയ്യേണ്ടിയും വന്നു.
ഒന്നിനു പിറകേ ഒന്നായി പ്രശ്നങ്ങൾ ജീവിതത്തിലേക്ക് അതിഥിയായി എത്തിയപ്പോഴും തളരാതെ പിടിച്ചു നിന്നയാളാണ് ഹക്കീം. മാതാവിൻ്റെ ഹൃദയ സംബന്ധമായ അസുഖം മൂലം പിതാവ് ഉപേക്ഷിച്ച് പോയ പെൺകുട്ടിയെ ജീവിത സഖിയാക്കിയപ്പോഴും, അവരെ പോറ്റാൻ കൈക്കരുത്തുള്ള കാലം വരെ അധ്വാനിക്കുമെന്ന് അയാൾ പ്രതിജ്ഞയെടുത്തു. പക്ഷെ വിധി മറ്റൊന്നായിരുന്നു. നടുവേദന ആ ജീവിതത്തിലേക്ക് പുതിയ അതിഥി ആയി കടന്നെത്തി. അയാൾക്കിപ്പോൾ ഭാരിച്ച പണികൾ ഒന്നും ചെയ്യാനാകാത്ത അവസ്ഥ. അപ്പോഴാണ് മീൻ കച്ചവടം ചെയ്യാനായി തുനിഞ്ഞത്. അതിപ്പോൾ ഇങ്ങനെയുമായി. ഭാര്യാമാതാവും, ഭാര്യയും രണ്ടേകാൽ വയസ്സ് പ്രായമുള്ള കുട്ടിയും അടങ്ങുന്നതാണ് ഹക്കീമിൻ്റെ കുടുംബം. കോർപ്പറേഷന്റെ അതീനതയിലുള്ള മാർക്കറ്റിൽ താൻ കച്ചവടം ചെയ്താൽ എന്തു സംഭവിക്കും എന്നാണ് ഹക്കീം ചോദിക്കുന്നത്. അവർ ആവശ്യപ്പെടുന്ന തുകയെല്ലാം അടയ്ക്കാൻ തയ്യാറാണ്. പക്ഷേ അവർ ഇങ്ങനെ സംഘടിച്ചാൽ എൻറെ ജീവിതം എങ്ങനെ മുന്നോട്ടു പോകും എന്നും ഹക്കീം നിർവികാരനായി ചോദിക്കുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് ഇതെങ്കിലും പരിഹാരം കാണാനാവുമെന്ന പ്രതീക്ഷയിലാണ് ഓരോ തവണയും ഹക്കീം ഈ ചോദ്യങ്ങൾ ആവർത്തിക്കുന്നത്.
യുവാവിന്റെ വേദന കേട്ടറിഞ്ഞ് നേതാക്കളായ ബൈജു ജോസഫ്, രതീഷ്.ആർ തുടങ്ങിയവർ ഉൾപ്പെടുന്ന വ്യക്തികൾ മത്സ്യകച്ചവടക്കാരുമായി ചർച്ച നടത്തി. പക്ഷേ അവരുടെ തീരുമാനങ്ങളിൽ നിന്ന് ഒരടി പിന്നോട്ട് പോകാൻ അവർ തയ്യാറല്ല എന്നു തന്നെയായിരുന്നു ചർച്ചയുടെ ആകെ ഉത്തരം. മാർക്കറ്റ് നടത്തിപ്പിന് കരാർ അടുത്ത ആൾക്ക് ഇവരെ കയറ്റുന്നതിൽ പ്രശ്നമില്ലെങ്കിലും അവർക്കും മുകളിലാണ് മത്സ്യ കച്ചവടക്കാർ നിൽക്കുന്നത്. കച്ചവടം കുറയും എന്നതാണ് പേടി എങ്കിൽ അവരുടെ ആവശ്യം ന്യായമാണെന്ന് പറയാം. പക്ഷേ ദിവസവും ആയിരക്കണക്കിനാളുകളും മീൻ വാങ്ങിക്കാൻ എത്തുന്ന മത്സ്യ മാർക്കറ്റിൽ എന്ത് കച്ചവട പ്രതിസന്ധി എന്നതും ചോദ്യമാണ്. മാർക്കറ്റ് നടത്തിപ്പുകാരനുമായി ബന്ധപ്പെട്ട ആളുകളോട് അഷ്ടമുടി ലൈവ് പ്രതിനിധികൾ സംസാരിച്ചിരുന്നു. അവർക്ക് എതിർപ്പില്ല എന്നുതന്നെയാണ് പറയുന്നത്. മാർക്കറ്റിൽ സമാധാനാന്തരീക്ഷം നിലനിൽക്കണം. ഒരു വിഭാഗം തൊഴിലാളികൾ സംഘടിച്ചു മാറിനിന്നാൽ അതെങ്ങനെ സാധ്യമാവും. അങ്ങനെയുള്ളപ്പോൾ എങ്ങനെയാണ് മാർക്കറ്റ് നല്ല രീതിയിൽ മുന്നോട്ടുപോവുക. അവർ വീണ്ടും അതേ ചോദ്യങ്ങൾ ആവർത്തിക്കുന്നു. പുതിയ തൊഴിൽ സംസ്ക്കാരവും അധികാരഘടനയും മനുഷ്യജീവിതത്തിൽ അവകാശ നിഷേധങ്ങളും അനീതിയും അസമത്വവും സൃഷ്ടിക്കുന്നു എന്നുതന്നെയാണ് ആ ചോദ്യങ്ങൾ ആവർത്തിച്ചു കേൾക്കുമ്പോൾ നമുക്ക് മനസ്സിലാകുന്നത്. ഹക്കീമിന്റെ ജീവിതത്തിൽ അധികാരികളുടെ ഇടപെടൽ ആവശ്യമാണ്. അതിന് ഒരു മാധ്യമം എന്ന നിലയിൽ അഷ്ടമുടി ലൈവ് എക്കാലവും ഒപ്പം ഉണ്ടാകും.
%20-%20Copy%20-%202024-03-05T194303.333.jpg)
0 Comments