banner

ലക്ഷക്കണക്കിന് പേർ തൊഴിലില്ലാതെ നിൽക്കെ വഞ്ചന!, 874 പേർക്ക് നേരിട്ട് കരാർ നിയമനങ്ങൾ നൽകി സർക്കാർ, എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകൾ നോക്കുകുത്തിയായി (സ്പെഷ്യൽ റിപ്പോർട്ട്)

Published from Blogger Prime Android App
ഇൻഷാദ് സജീവ്
തിരുവനന്തപുരം : ലക്ഷക്കണക്കിന് വരുന്ന തൊഴിൽ രഹിതർ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിൽ വരുന്ന ജോലികളെ ആശ്രയിച്ച് പ്രതീക്ഷയർപ്പിച്ചിരിക്കെ ഈ പ്രസ്ഥാനത്തെ നോക്കുകുത്തിയാക്കി 874 - പേർക്ക് നിയമനം നൽകിയതായി നിയമസഭാ രേഖ. ഒന്നാം പിണറായി സർക്കാരിൻ്റെ കാലം മുതൽ 2024 വരെ സാമൂഹിക നീതി വകുപ്പിലും വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലുമായിട്ടാണ് ഈ നിയമനം മുഴുവൻ നടത്തിയിട്ടുള്ളത്. 

ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് കെ.കെ ശൈലജയും രണ്ടാം പിണറായി സർക്കാരിൽ ആർ. ബിന്ദുവുമാണ് സാമൂഹിക നീതി വകുപ്പ് കൈകാര്യം ചെയ്തു വരുന്നത്. 874 - പേർക്ക് നേരിട്ട് നിയമനം നൽകിയപ്പോൾ ഇക്കാലയളവിൽ ഈ സ്ഥാപനങ്ങളിൽ 73 നിയമനങ്ങൾ മാത്രമാണ് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി നടന്നിട്ടുള്ളത്. കോൺഗ്രസ്സ് എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ ചോദ്യത്തിന് മന്ത്രി ആർ ബിന്ദുവാണ് നിയമനങ്ങളെ സംബന്ധിച്ച വിവരങ്ങൾ നിയമസഭയിൽ മറുപടിയായി നൽകിയത്. 

നടപടി ക്രമങ്ങൾ പാലിച്ചാണ് നിയമനം എന്നാണ് മന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കുന്നത്. ഒഴിവ് സംബന്ധിച്ച് പത്രപരസ്യം നൽകുകയും മത്സരാധിഷ്ഠിതമായി വരുന്ന അപേക്ഷയിൽ ഇൻ്റർവ്യു - പരീക്ഷ ഉൾപ്പെടെ നടത്താറുണ്ടെന്നും മന്ത്രി പറയുന്നു. 874 പേർക്ക് കരാർ നിയമനം നൽകാതെ ഈ നിയമനങ്ങൾ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി നൽകിയാൽ മുൻഗണനാക്രമത്തിലുള്ള യഥാർത്ഥ ഉദ്യോഗാർത്ഥികളിലേക്ക് എത്തിയേനെയെന്നും ബാഹ്യ ഇടപെടലുകൾ ഒഴിവാക്കാമായിരുന്നെന്നും പ്രതിപക്ഷ കക്ഷികൾ വ്യക്തമാക്കുന്നു. 
Published from Blogger Prime Android App
കരാർ നിയമനങ്ങളിൽ സംവരണ തത്വങ്ങൾ പാലിക്കണമെന്ന് ചട്ടങ്ങൾ ഇല്ലെന്നാണ് മന്ത്രി നൽകിയ നിയമസഭ മറുപടിയിൽ വ്യക്തമാക്കുന്നത ഇതോടെ ഈ നിയമനങ്ങളിൽ സംവരണം പാലിച്ചിട്ടില്ലെന്നത് വ്യക്തമായതായും പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യ നീതി വകുപ്പ് - 589, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ - 12, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫിസിക്കൽ മെഡിസിൻ ആൻ്റ് റീ ഹാബിലിറ്റേഷൻ - 37, കേരള സാമൂഹ്യ സുരക്ഷ മിഷൻ - 226, ഓർഫനേജ് കൺട്രോൾ ബോർഡ് – 1, കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് - 9  - എന്നിങ്ങനെയാണ് നിയമനങ്ങളുടെ പട്ടിക. ഏകദേശം 15000 രൂപ മുതൽ 25000 രൂപ വരെ ഇത്തരം നിയമനങ്ങൾക്ക് ശമ്പളമുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. 

നിയമനങ്ങൾ ഇടത് സർക്കാർ പാർട്ടി പ്രവർത്തകർക്ക് മാത്രമായി പിൻവാതിലിലൂടെ നടത്തിയെന്നാണ് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത്. 

Post a Comment

0 Comments