banner

കേന്ദ്രത്തിനും എൻഫോഴ്സ്മെൻ്റ് ഡയറക്റ്റേറ്റിനും തിരിച്ചടി!, ശക്തമായ താക്കീത് നൽകി സുപ്രീം കോടതി, പി.എം.എല്‍.എ. നിയമത്തിലെ സുപ്രധാന വകുപ്പ് ചൂണ്ടിക്കാട്ടി കോടതി


സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി : ഇനിയൊരു രാഷ്ട്രീയനേതാവിനെ അറസ്റ്റുചെയ്യുമ്പോള്‍ എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) നൂറുവട്ടം ചിന്തിക്കും. ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിക്കുമ്പോള്‍ കേന്ദ്ര ഏജന്‍സിക്ക് സുപ്രീംകോടതി നല്‍കിയ താക്കീത് അത്രയും ശക്തമായിരുന്നു. പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കില്‍ പ്രതിക്ക് ജാമ്യം അനുവദിക്കാമെന്ന പി.എം.എല്‍.എ. നിയമത്തിലെ വകുപ്പ് ചൂണ്ടിക്കാട്ടി സുപ്രീംകോടതി നടത്തിയ നിരീക്ഷണം കേന്ദ്രസര്‍ക്കാരിനുകൂടിയുള്ള മുന്നറിയിപ്പായി.

എ.എ.പി.ക്കെതിരേ മുഖ്യ ആയുധമാക്കിയ മദ്യനയക്കേസില്‍ അവരുടെ ദേശീയനേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി. ജയിലിലാക്കിയതിന് തൊട്ടുപിന്നാലെ ഇതേ കേസില്‍ മറ്റൊരു നേതാവിന് ജാമ്യം അനുവദിച്ചത് ബി.ജെ.പി. സര്‍ക്കാരിന് വലിയ തിരിച്ചടിയായി. സഞ്ജയ് സിങ്ങിന്റെ ജാമ്യത്തെ ഇ.ഡി. ചൊവ്വാഴ്ച എതിര്‍ത്തില്ലെന്നത് ശരിയാണെങ്കിലും ആ നിലപാടിലേക്ക് അവരെ നയിച്ചത് സുപ്രീംകോടതിയുടെ ശക്തമായ ചോദ്യങ്ങളും നിരീക്ഷണങ്ങളുമായിരുന്നു.

സഞ്ജയ് സിങ്ങിന്റെ ജാമ്യത്തെ നിങ്ങള്‍ എതിര്‍ക്കുകയാണെങ്കില്‍ തങ്ങള്‍ക്ക് ഈ കേസിന്റെ യോഗ്യതയിലേക്ക് (മെറിറ്റ്) കടക്കേണ്ടിവരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയതാണ് ഇ.ഡി.യെ മാറ്റിച്ചിന്തിപ്പിച്ചത്. യോഗ്യതയിലേക്ക് കടന്നാല്‍ തങ്ങള്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ കേസിന്റെ വിചാരണയെ ബാധിച്ചേക്കാമെന്നുവരെ സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയപ്പോള്‍ ഇ.ഡി. പിന്നാക്കംപോവുകയായിരുന്നു. വാദത്തിനിടെ കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞശേഷം വീണ്ടും ചേര്‍ന്നപ്പോള്‍ ഇ.ഡി. ജാമ്യത്തെ എതിര്‍ക്കുന്നില്ലെന്ന നിലപാടിലേക്ക് മാറി.

രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ കേന്ദ്രസര്‍ക്കാര്‍ ഇ.ഡി.യെ ആയുധമാക്കുന്നെന്ന് വ്യാപക ആരോപണമുയരുന്ന സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍ക്ക് ചെറുതല്ലാത്ത പ്രസക്തിയുണ്ട്. കൃത്യമായ തെളിവുകളില്ലാതെ ആരെയും പിടിച്ച് അകത്തിട്ടാല്‍ ഇടപെടുമെന്ന സൂചനയാണ് കോടതി നല്‍കിയത്.

ഡല്‍ഹി മദ്യനയക്കേസിലെ കുറ്റപത്രത്തിലും അഞ്ച് അനുബന്ധ കുറ്റപത്രങ്ങളിലുമായി 36 പ്രതികളാണുള്ളത്. അതില്‍ 16 പേര്‍ അറസ്റ്റിലായതില്‍ അഞ്ചുപേര്‍ക്കാണ് ജാമ്യം ലഭിച്ചത്. മൂന്നുപേര്‍ മാപ്പുസാക്ഷികളുമായി. ബാക്കി എട്ടുപേരുടെ ജാമ്യത്തെ എതിര്‍ക്കുമ്പോള്‍ ഇ.ഡി.ക്ക് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉന്നയിച്ച ചോദ്യങ്ങള്‍ക്കുകൂടി മറുപടി കരുതിവെക്കേണ്ടിവരും.

Post a Comment

0 Comments