
കൊല്ലം : ജില്ലയിൽ 18 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ജാഗ്രതയിൽ. മഞ്ഞപ്പിത്ത പ്രതിരോധത്തിൽ ലഭ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുള്ളതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അതിവേഗം വ്യാപിക്കുമെന്ന ഭീതിയില്ലെങ്കിലും ബോധവത്കരണം തുടരുമെന്നും പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അവർ വ്യക്തമാക്കി. അതേ സമയം, മഞ്ഞപിത്തം ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന ശക്തമാക്കി. ഐസ്‌ക്രീം, കുടിവെള്ള യൂണിറ്റുകൾ, പഴം, പച്ചക്കറി സ്റ്റാളുകൾ, ജ്യൂസ് സ്റ്റാളുകൾ, ശീതളപാനീയങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, ഐസ് ഫാക്ടറികൾ, വഴിയാര കടകൾ ഉൾപ്പെടെ 230 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന 14 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. എട്ട് സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഈ സ്ഥാപനങ്ങളിൽ നിന്ന് 44,000 രൂപ പിഴയീടാക്കി.
ചികിത്സ തേടാം..
ഇവ ശ്രദ്ധിക്കൂ : ശരീര വേദന, പനി, ക്ഷീണം, ഛർദ്ദി, വയറുവേദന, മൂത്രത്തിനും കണ്ണിനും ശരീരത്തിനും മഞ്ഞ നിറം എന്നിവ മഞ്ഞപിത്തത്തിൻ്റെ ലക്ഷണങ്ങളാണ്.ഇവ ശരീരത്ത് ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ഉടൻ ചികിത്സ തേടണം
പ്രതിരോധിക്കാം...
ഇതിലൂടെ അകറ്റാം : തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ആഹാരത്തിന് മുൻപും ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക, ശീതളപാനിയങ്ങൾ, സംഭാരം, ഐസ്‌ക്രീം എന്നിവ ശുദ്ധജലത്തിൽ മാത്രം തയ്യാറാക്കുക, കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, ദിവസം രണ്ട് ലിറ്റർ ശുദ്ധമായ വെള്ളം കുടിക്കുക.
0 Comments