
റിയാദ് : വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന മലയാളി അബ്ദുല്‍ റഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി. ഏഴര ലക്ഷം റിയാല്‍(ഏകദേശം ഒരു കോടി 66 ലക്ഷം രൂപ) ഉടന്‍ നല്‍കണമെന്ന വാദിഭാഗം അഭിഭാഷകന്റെ ആവശ്യമാണ് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
ഈ പണം ഉടന്‍ നല്‍കിയാലേ തുടര്‍ നടപടികളിലേക്ക് കടക്കാനാവൂ എന്നാണ് റിയാദില്‍ റഹീമിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നിയമ സഹായ സമിതിയുടെ വിശദീകരണം. അബ്ദുല്‍ റഹീമിന്റെ മോചനത്തിനുള്ള ദിയാ ധനമായ 34 കോടി രൂപ സൗദി അറേബ്യയിലെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് പ്രതിഫലം ഉടന്‍ കൈമാറണമെന്ന് വാദിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദിയാ ധനമായ 5 മില്ല്യന്‍ റിയാലിന്റെ 5 ശതമാനമായ ഏഴര ലക്ഷം റിയാല്‍ വക്കീല്‍ ഫീസ് ആയി ഉടന്‍ കൈമാറണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ തുക ലഭിക്കാതെ മറ്റു നടപടികളിലേക്ക് കടക്കില്ലെന്ന അഭിഭാഷകന്റെ നിര്‍ബന്ധമാണ് മോചനം വൈകുമെന്ന ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ഇക്കാര്യം കണക്കിലെടുത്ത് 34 കോടിക്ക് പുറമേ ഈ പണവും നാട്ടില്‍ നിന്ന് അയക്കണമെന്നാണ് സൗദിയിലെ നിയമ സഹായ സമിതിയുടെ ആവശ്യം. പ്രതിഫലം നല്‍കുന്നതില്‍ വീഴ്ച്ച ഉണ്ടായാല്‍ റഹീമിന്റെ മോചനം വൈകുമെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. അബ്ദുല്‍ റഹീമിന്റെ മോചനത്തിന് ആവശ്യമായ ഉടമ്പടിയില്‍ ഗവര്‍ണറേറ്റിന്റെ സാന്നിധ്യത്തില്‍ വാദിഭാഗവും പ്രതിഭാഗവും ഒപ്പുവച്ച ശേഷമാണ് ദയാഹരജി കുടുംബത്തിന് കൈമാറുക.
ഈ ഉടമ്പടി ഉടനുണ്ടാവുമെന്നാണ് സൂചന. മോചന ദ്രവ്യം നല്‍കാന്‍ തയ്യാറാണെന്ന് പ്രതിഭാഗവും അത് സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് വാദിഭാഗവും കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി നടപടിക്രമങ്ങളെല്ലാം തുടങ്ങും മുമ്പ് അഭിഭാഷകന്റെ പ്രതിഫലം കൂടി കൊടുത്താലേ അബ്ദുല്‍ റഹീമിന്റെ മോചനം സാധ്യമാവൂ.
0 Comments