പ്രേത്യേക ലേഖകൻതൃക്കരുവ : തകർന്ന റോഡ് ടാർ ചെയ്യുന്നതിനായി തുടങ്ങി വച്ച പണികൾക്ക് വേഗം പോരെന്ന പരാതിയുമായി വ്യാപാരികളും യാത്രക്കാരും. തൃക്കരുവ പഞ്ചായത്തിലെ കരുവ - കാഞ്ഞാവെളി റോഡാണ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത്. ഇലക്ഷൻ തലേന്ന് യുദ്ധകാലാടിസ്ഥാനത്തിലെന്ന പോലെ ടാർ ചെയ്യുന്നതിനായി കൊത്തി ഇളക്കിയ റോഡ് ഒരാഴ്ച പിന്നിട്ടിട്ടും അതേപടി കിടക്കുകയാണ്. കാഞ്ഞാവെളി പ്രദേശത്താണ് പ്രശ്നങ്ങൾ കൂടുതലായി അനുഭവപ്പെടുന്നത്. റോഡ് പൊളിച്ചിട്ടിരിക്കുന്നതിനാൽ യാത്രക്കാർ തിരിഞ്ഞു പോകുകയാണെന്നും പരാതിക്കാർ പറയുന്നു.

📷: ടാർ ഇടുന്നതിനായി പൊളിച്ച റോഡിൻ്റെ ദൃശ്യങ്ങൾ (ഫോട്ടോ: ഷെജീർ ജമാലുദ്ദീൻ (ചീഫ് എഡിറ്റർ) അഷ്ടമുടി ലൈവ്)
ഒരു വശത്ത് റോഡിന് സമാന്തരമായി മെറ്റിൽ നിറയ്ക്കുന്നതിനായി എടുത്ത കുഴി വ്യാപാരികൾ ഇടപെട്ടതോടെയാണ് മെറ്റിൽ നിറച്ച് ശരിയാക്കിയത്. റോഡ് ഇളക്കി ഇട്ടിരിക്കുന്നതിനാൽ പ്രദേശത്ത് വലിയ തോതിൽ പൊടിയും ഗതാഗത ക്ലേശവും അനുഭവപ്പെടുന്നുണ്ട്. നേരത്തെ വെള്ളം തളിച്ച് പൊളിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നെങ്കിലും പണികൾ നീളുന്നതിനാൽ ഈ മാർഗ്ഗത്തിലൂടെയും രക്ഷപ്പെടാൻ ആകാത്ത സ്ഥിതിയാണ്. ഇതു കാരണം ജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടുന്നു. ജനപ്രതിനിധികൾ കാര്യക്ഷമമായി ഇടപെട്ട് പണികൾ വേഗത്തിലാക്കാൻ നിർദ്ദേശിക്കണം എന്നാണ് യാത്രക്കാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.
0 Comments