
ഇൻഷാദ് സജീവ്
കൊല്ലം : സംസ്ഥാന ജല ഗതാഗത വകുപ്പിന് കീഴിൽ നടത്തുന്ന വിവിധ ബോട്ട് സർവീസുകൾ മുടങ്ങിയിട്ട് മാസങ്ങളായി. ബോട്ടുകൾ പലതും അറ്റകുറ്റപ്പണി ആവശ്യമായതാണെന്നും ഈ ബോട്ടുകൾ ശരിയാക്കുന്നതിന് വേണ്ടുന്ന സംവിധാനം ജില്ലയിൽ ഇല്ലെന്നും ആലപ്പുഴയിൽ എത്തിച്ചു മാത്രമേ ശരിയാക്കാൻ സാധിക്കുകയുള്ളൂ എന്നുമാണ് ജലഗതാഗത വകുപ്പ് അധികൃതർ മുന്നോട്ടുവയ്ക്കുന്ന വാദം. എന്നാൽ ദേശീയ ജലഗതാഗത പാത തൃക്കുന്നപ്പുഴയിൽ പാലം പണി നടക്കുന്നതിനാൽ ആലപ്പുഴയിലേക്ക് ബോട്ട് എത്തിക്കുക അസാധ്യമാണെന്നും ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു. 'സാധാരണഗതിയിൽ സർവീസ് നടത്തുന്നതായ ബോട്ട് അറ്റകുറ്റപ്പണിയിൽ ആയാൽ പകരം സംവിധാനം ഒരുക്കാറുണ്ട്. ഈ സമയത്തിനുള്ളിൽ കേടായ ബോട്ട് നന്നാക്കുന്നതാണ് രീതി. പക്ഷേ പാലം പണി നടക്കുന്നതിനാൽ ആലപ്പുഴയിൽ നിന്ന് ബോട്ട് എത്തിക്കാനും ബോട്ട് അറ്റകുറ്റപ്പണി നടത്തുന്നതിനും സാധ്യമായിരുന്നില്ല. ഇതാണ് പല സർവീസുകളും അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ സാഹചര്യം ആയത് - ഒരു ഉദ്യോഗസ്ഥൻ അഷ്ടമുടി ലൈവിനോട് പറഞ്ഞു.
ഇതിനിടെ പ്രതിസന്ധി പരിഹരിക്കാൻ നടത്തിയ ശ്രമം പാളി
ബോട്ട് സർവീസുകൾ പലതും നിശ്ചലമായതോടെ പ്രതിസന്ധി പരിഹരിക്കാൻ നടത്തിയ ശ്രമം പാളി. കൊല്ലം - കുരീപ്പുഴ പ്ലാവറ കടവിലേക്ക് സർവീസ് നടത്തുന്ന ബോട്ട് കേടായിരുന്നു. മുൻകാല ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ ഇവിടെ തന്നെ ഈ ബോട്ട് നന്നാക്കാൻ വകുപ്പ് തീരുമാനിച്ചു തുടർന്ന് മെക്കാനിക്കൽ എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള ആലപ്പുഴയിലെ ഡോക്ക് & റിപ്പയർ വിഭാഗത്തിൽ നിന്നുള്ള ജീവനക്കാർ കൊല്ലത്ത് എത്തിയാണ് എസ് 17 ബോട്ട് ശരിയാക്കുന്നതിനായുള്ള ശ്രമം നടത്തിയത്. വർക്ക്ഷോപ്പ് സൗകര്യമില്ലാത്തതിനാൽ 200 ലിറ്റർ സംഭരണശേഷിയുള്ള നാലോളം ബാരലുകളിൽ വെള്ളം നിറച്ച ശേഷം ഇതിലേക്ക് ബോട്ട് ചരിച്ചു നിർത്തിയാണ് അറ്റകുറ്റപ്പണി നടത്താൻ ശ്രമിച്ചത്. ജോലി പുരോഗമിക്കുന്നതിനിടെ ഈ വെള്ളം ബോട്ടിനുള്ളിലേക്ക് കയറുകയായിരുന്നു. ഇതോടെ ബോട്ടിൻ്റെ ഒരു വശം മുങ്ങി. തുടർന്ന് ജീവനക്കാർ ശ്രമകരമായ ഇടപെടലിലൂടെ ബോട്ടിലെ വെള്ളം വറ്റിച്ചാണ് ബോട്ട് ഉയർത്തിയത്. എന്നാൽ, നേരത്തെ ഇത്തരത്തിലുള്ള ശ്രമം ജില്ലയിൽ നടത്തിയിട്ടുണ്ട്. അവ വിജയം കണ്ട സാഹചര്യത്തിലാണ് ഇത്തവണയും വകുപ്പ് ഇതിനായി ശ്രമിച്ചത്.
കൊല്ലം ബോട്ട് ജെട്ടിയിൽ നിന്ന് ആകെ ഓടുന്നത് രണ്ട് സർവീസ് മാത്രം
അറ്റകുറ്റപ്പണിയിൽ പ്രതിസന്ധി നിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ വിവിധ ബോട്ട് സർവീസുകൾ മുടങ്ങി. അരമണിക്കൂർ ഇടവിട്ട് നേരത്തെ ഉണ്ടായിരുന്ന സാമ്പ്രാണിക്കോടി - കാവനാട് - വള്ളക്കടവ് - പ്ലാവറക്കടവ് തുടങ്ങിയ സർവീസുകൾ പൂർണമായും നിലച്ചതായാണ് വിവരം. കൊല്ലം സ്റ്റേഷനിൽനിന്ന് സീ അഷ്ടമുടി സ്പെഷൽ സർവീസും പേഴുംതുരുത്ത് സർവീസും മാത്രമാണ് ഇപ്പോൾ നടക്കുന്നത്.
0 Comments