banner

തൃക്കരുവ പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ സെക്രട്ടറിയെ ഉപരോധിച്ച സംഭവം!, തൊഴിലാളികളെ മാറ്റാൻ പോലീസിനെ വിളിച്ചു വരുത്തിയ പഞ്ചായത്തിൻ്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം, കോൺഗ്രസ്സ് നേതാക്കൾക്കും അതൃപ്തി

Published from Blogger Prime Android App
അഞ്ചാലുംമൂട് : തൃക്കരുവ കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങളിൽ ഒന്നായിരുന്നു പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ സെക്രട്ടറിയെ ഉപരോധിച്ച സംഭവം. പ്രതിഷേധക്കാരെ അകറ്റാൻ പോലീസിനെ വിളിച്ചുവരുത്തിയ പഞ്ചായത്തിന്റെ നടപടിക്കെതിരെയാണ് ഇപ്പോൾ പ്രതിഷേധം ശക്തമാകുന്നത്. അമ്മമാരും കുട്ടികളും അടങ്ങുന്ന സാധാരണക്കാരെ പോലീസിനെ ഉപയോഗിച്ച് മാറ്റി എന്നാണ് എതിർക്കുന്നവരുടെ പക്ഷം. ഇതിനെതിരെ വരും ദിവസങ്ങളിൽ സമരപരിപാടികളുമായി രംഗത്തിറങ്ങാൻ രാഷ്ട്രീയപാർട്ടികൾ ആലോചിക്കുന്നതയാണ് സൂചന. അതേ സമയം, വ്യാഴാഴ്ചയാണ് 55 തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ നിഷേധിച്ചതായി ആരോപിച്ച് പ്രതിഷേധക്കാർ സെക്രട്ടറിയുടെ ഓഫീസും പഞ്ചായത്തും വളഞ്ഞത്. ആവശ്യം അംഗീകരിക്കാതെ പുറത്തുപോകില്ലെന്ന് അറിയിച്ച പ്രതിഷേധക്കാരെ അകറ്റാൻ അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് പൊലീസ് എത്തി തൊഴിലാളികളെയും അവരുടെ പ്രതിനിധികളെയും പഞ്ചായത്ത് ഓഫീസിൽ നിന്ന് മാറ്റിയത്. അതേസമയം, കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണസമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്.

പോലീസിനെ വിളിച്ചു വരുത്തി നടപടി ശരിയായില്ല എന്ന് തന്നെയാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും അഭിപ്രായം. 'പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ളവർ ഇടപെട്ട് പ്രതിഷേധക്കാരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കണം ആയിരുന്നു. പക്ഷേ എന്തുകൊണ്ടോ അതിന് കഴിയാത്ത സാഹചര്യം അവിടെയുണ്ടായി. രാഷ്ട്രീയമായി വലിയ രീതിയിൽ കോട്ടം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി കണ്ട് പ്രവർത്തിക്കേണ്ട സാഹചര്യം ആയിരുന്നു അത്' - ഒരു മുതിർന്ന കോൺഗ്രസ് നേതാവ് അഷ്ടമുടി ലൈവിനോട് പറഞ്ഞു. 'മുൻകാലങ്ങളിലെ പ്രവർത്തനങ്ങളെ മുഴുവൻ മായിച്ചു കളയുന്ന രീതിയിലായിരിക്കും ഇത്തരത്തിലുള്ള എടുത്തുചാട്ടം. പഞ്ചായത്ത് പുനർവിചിന്തനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തൊഴിലുറപ്പ് തൊഴിലാളികളെ പോലീസിനെ ഉപയോഗിച്ച് മാറ്റാമെന്ന ധാരണ ശരിയായിരുന്നില്ല.' - മുൻ പഞ്ചായത്ത് അംഗം കൂടിയായ സിപിഎം നേതാവ് അഷ്ടമുടി ലൈവിനോട് പറഞ്ഞു.

Post a Comment

0 Comments