banner

ഗുരുതര അശ്രദ്ധ!, സംസാരിക്കാനാകാത്ത അഞ്ചുവയസുകാരന് തിളച്ചപാല്‍ നല്‍കിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ സംഭവം!, അങ്കണവാടി ഹെൽപ്പർക്കെതിരെ കേസെടുത്ത് പോലീസ്

Published from Blogger Prime Android App
കണ്ണൂര്‍ : അങ്കണവാടിയില്‍ നിന്ന് തിളച്ചപാല്‍ നല്‍കിയതിനെ തുടര്‍ന്ന് സംസാരിക്കാനാകാത്ത അഞ്ചുവയസുകാരന് പൊള്ളലേറ്റ സംഭവത്തില്‍ ഹെല്‍പ്പര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ പിണറായിയിലെ അങ്കണവാടി ജീവനക്കാരി ഷീബയ്‌ക്കെതിരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്. സംസാരിക്കാന്‍ പ്രയാസമുള്ള കുട്ടിക്ക് പൊള്ളലേറ്റിട്ടും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ അങ്കണവാടി ജീവനക്കാര്‍ തയ്യാറായില്ലെന്ന് കുട്ടിയുടെ അച്ചന്‍ ആരോപിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. 

മകന്റെ കീഴ്ത്താടിയില്‍ നിന്ന് തൊലി പോകുന്നുണ്ട് എന്ന് അങ്കണവാടി ജീവനക്കാര്‍ അമ്മയെ ഫോണിൽ വിളിച്ചുപറയുകയായിരുന്നു. പോയി നോക്കുമ്പോള്‍ കുട്ടിയുടെ വായും നാവും താടിയും മുഴുവനായി പൊള്ളലേറ്റ നിലയിലായിരുന്നു. തിളച്ചപാൽ കൊടുത്തശേഷം തുണി കൊണ്ട് തുടച്ചപ്പോഴാണ് തൊലി മുഴുവൻ പോയതെന്നും കുട്ടിയുടെ അച്ഛൻ പറയുന്നു. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാൻ അങ്കണവാടി ജീവനക്കാർ തയാറായില്ലെന്നും കുട്ടി ഭാഗ്യത്തിന് പാല്‍ ഉള്ളിലേക്ക് ഇറക്കാത്തത് രക്ഷയായെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. 

കീഴ്ത്താടിയിലും വായിലും സാരമായി പൊള്ളലേറ്റ കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തു. പൊലീസിനോട് ഉള്‍പ്പെടെ വിശദീകരണം ചോദിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ കുട്ടിയുടെ അച്ഛന്റെ ആരോപണം ശരിയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.  

Post a Comment

0 Comments