banner

സംസ്ഥാനത്ത് ഇന്നും മഴ കനക്കും!, മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ മുന്നറിയിപ്പ്, ജല നിരപ്പ് ഉയരുന്നതിനെ തുടർന്ന് കല്ലാര്‍കുട്ടി -പാംബ്ല ഡാമുകള്‍ തുറക്കും


സ്വന്തം ലേഖകൻ
തൊടുപുഴ : വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതിനാല്‍ കല്ലാർകുട്ടി പാംബ്ല ഡാമുകള്‍ തുറക്കും. രാവിലെ ആറുമണിക്ക് ശേഷം തുറക്കാൻ ജില്ലാ കളക്ടർ അനുമതി നല്‍കി. കല്ലാർകുട്ടി ഡാമില്‍ നിന്നും സെക്കൻഡില്‍ 300 ഘന അടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. പാംബ്ല ഡാമില്‍ നിന്നും സെക്കൻഡില്‍ 600 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടും.

മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രത നിർദ്ദേശം നല്‍കി. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഇന്നും മഴ ശക്തമാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്കും കടലേറ്റത്തിനും സാധ്യത ഉണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കി. മലയോരമേഖലകളിലും ജാഗ്രത തുടരണം. തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി മഴ ശക്തമാകും.

Post a Comment

0 Comments