സ്വന്തം ലേഖകൻ
തായ്‌ലാന്‍ഡില്‍ വെച്ച് മലയാളി വെടിയേറ്റ് മരിച്ചതായി വിവരം. മലയാറ്റൂര്‍ കാടപ്പാറ സ്വദേശി കാടപ്പറമ്പന്‍ വര്‍ഗീസാണ് (65) മരിച്ചത്. സംഭവത്തില്‍ രണ്ട് പേരെ തായ്‌ലാന്‍ഡില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ വെള്ളിയാഴ്ചയിലായിരുന്നു സംഭവം നടന്നത്. ഒരുമാസം മുന്‍പാണ് വര്‍ഗീസ് വിനോദയാത്രയ്ക്കായി തായ്‌ലാന്‍ഡില്‍ എത്തിയത്. വര്‍ഗീസിന് നേരെ മോഷണശ്രമം നടന്നുവെന്നും അതിനെ ചെറുത്തുനില്‍ക്കുന്നതിനിടയില്‍ മോഷ്ടാക്കള്‍ വെടിവെക്കുകയുമായിരുന്നുവെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച വിവരം.
വര്‍ഗീസിന്റെ കൈവശമുണ്ടായിരുന്ന പണം ഉള്‍പ്പടെ മോഷണം പോയിട്ടുണ്ട്. കേസില്‍ വിശദമായ അന്വേഷണം പൂര്‍ത്തീകരിച്ചതിന് ശേഷം മാത്രമേ മൃതദേഹം വിട്ടുകിട്ടാന്‍ സാധ്യതയുള്ളൂ എന്നാണ് വിവരം. എന്നാല്‍, വര്‍ഗീസിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ഇന്ത്യന്‍ എംബസി നടപടിയെടുത്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. 30 വര്‍ഷമായി വര്‍ഗീസും കുടുംബവും മുംബൈയിലാണ് താമസിക്കുന്നത്.

0 Comments