സ്വന്തം ലേഖകൻ
തിരുവനന്തപുരം : പഠന ക്യാമ്പിലെ സംഘര്‍ഷത്തില്‍ കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സസ്‌പെന്‍ഷന്‍. ക്യാമ്പില്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിന്റെ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് കാണിച്ചാണ് സസ്‌പെന്‍ഷന്‍.
മാര്‍ ഇവാനിയോസ് കോളജിലെ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ആഞ്ചലോ, എറണാകുളം ജില്ലാ സെക്രട്ടറി എയ്ന്‍ജലോ ജോര്‍ജ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അല്‍ ആമീന്‍ അഷറഫ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിന്‍ ആര്യനാട് തുടങ്ങിയവര്‍ക്കെതിരെയും നടപടിയുണ്ട്.
കെ എസ് യു തെക്കന്‍ മേഖലാ ക്യാമ്പിലെ തമ്മില്‍ത്തല്ലില്‍ കെ പി സി സി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ശിപാര്‍ശ പ്രകാരമാണ് അച്ചടക്ക നടപടി. പ്രതിപക്ഷ നേതാവ് വി ഡി സതീശനേയും കെ പി സി സി പ്രസിഡന്റ് കെ സുധാകരനേയും അനുകൂലിക്കുന്നവര്‍ തമ്മിലാണ് ക്യാമ്പില്‍ ഏറ്റുമുട്ടിയതെന്നാണു വിവരം. കെ സുധാകരനെ ക്യാമ്പിലേക്ക് ക്ഷണിച്ചിരുന്നില്ല. അച്ചടക്ക നടപടിക്കു വിധേയമായവര്‍ കെ സുധാകരനോട് അടുപ്പം പുലര്‍ത്തുന്നവരാണെന്നാണ് വിവരം. തമ്മില്‍ത്തല്ലില്‍ കെ എസ് യു നേതൃത്വത്തെ കുറ്റപ്പെടുത്തിയാണ് അന്വേഷണ കമ്മീഷന്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ക്യാമ്പിലേക്ക് കെ സുധാകരനെ ക്ഷണിക്കാതിരുന്നതില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനോട് അന്വേഷണ കമ്മീഷന്‍ വിശദീകരണവും ചോദിക്കും. ക്യാമ്പ് നടത്തിപ്പില്‍ കെ എസ് യു നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കെ എസ് യു നേതൃത്വത്തിലെ ഒരുവിഭാഗം, വിഭാഗീയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. കെ സുധാകരനെ ക്ഷണിക്കാതിരുന്നത് വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.
എന്നാല്‍ ക്യാമ്പിലുണ്ടായ സംഭവ വികാസങ്ങളെ ലഘൂകരിക്കാനാണ് വി ഡി സതീശന്‍ ശ്രമിച്ചത്. കുട്ടികളുടെ പരിപാടിയല്ലേ അവിടെ ഉണ്ടായ പ്രശ്‌നങ്ങളെ ഗൗരവമായി കാണേണ്ടതില്ല എന്ന നിലപാടിലാണ് അദ്ദേഹം. എന്നാല്‍ ക്യാമ്പിന്റെ സംഘാടനം വിഭാഗീയ പ്രവര്‍ത്തനമാണെന്ന നിലയില്‍ ഏറെ ഗൗരവത്തോടെ കാണാനാണ് കെ സുധാകരന്റെ നീക്കം.
.jpg)
0 Comments