
ഇൻഷാദ് സജീവ്
കുന്നത്തൂരിൽ മാറ്റമില്ലാത്ത ഇടത് കാറ്റിന് ചുക്കാൻ പിടിക്കുന്ന നേതാവാണ് കോവൂർ കുഞ്ഞുമോൻ എന്നുള്ളത് നിസംശയം പറയാം. 2016-ൽ സീറ്റ് ഭാഗംവയ്പ്പിനെ ചൊല്ലി ആർ.എസ്.പി ഷിബു ബേബി ജോണിൻ്റെ നേതൃത്വത്തിൻ എൽ. ഡി.എഫ് വിട്ട് യു.ഡി.എഫ് ക്യാമ്പിലെത്തിയപ്പോൾ കോവൂർ കുഞ്ഞുമോൻ എൽ.ഡി.എഫിനൊപ്പം അടിയുറച്ചു നിന്നു. തനിക്കൊപ്പം നിന്നവർ പൂർണ്ണമായും എൽ.ഡി.എഫ് മുന്നണിയ്ക്ക് നേതൃത്വം നൽകുന്ന സി.പി.എം, സി.പി.ഐ പാർട്ടികളിലേക്ക് ചേരാൻ വിസമ്മതിച്ചതിന് പിന്നാലെ മുതിർന്ന നേതാവിനൊപ്പം നിന്ന് ആർ.എസ്.പി ലെനിനിസ്റ്റ് രൂപീകരിച്ചതും കോവൂർ തന്നെയായിരുന്നു. ശേഷം ഇടത് പിന്തുണയോടെ ഭൂരിപക്ഷം നിലനിർത്തി സംവരണ മണ്ഡലമായ കുന്നത്തൂരിൽ വിജയിച്ച് കയറിയത് ചരിത്രം. 2001 മുതൽ തുടർച്ചയായ അഞ്ച് തവണയാണ് ഈ വിജയം. പക്ഷെ ജനമനസ്സിൽ വിജയം നേടുമ്പോഴും കോവൂർ കുഞ്ഞുമോന് ഒരു മന്ത്രി സ്ഥാനം കൊടുക്കാൻ പോലും എൽ.ഡി.എഫ് തയ്യാറാകുന്നില്ല. ലോക ടൂറിസം മാപ്പിൽ ഇടം നേടിയ മൺഡ്രോതുരുത്ത് പ്രദേശം ഉൾപ്പെടുന്ന കുന്നത്തൂർ അസംബ്ലി മണ്ഡലത്തിന് കോവൂർ മന്ത്രി ഒരു മുതൽകൂട്ടായായേനെയെന്നുള്ളത് കാണാതെ പോകുന്ന നേതാക്കൾ കുഞ്ഞുമോനെ കൂടുതൽ നിരാശയിലാക്കുന്നുണ്ട്.
രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിപദം ആവശ്യപ്പെട്ട് ആർ.എസ്.പി ലെനിനിസ്റ്റ് വിഭാഗം പരസ്യമായി രംഗത്തെത്തിയിരുന്നു. തന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി എല്‍.ഡി.എഫിനു കത്തുനൽകുമെന്ന് കോവൂർ കുഞ്ഞുമോൻ എം.എൽ.എ വ്യക്തമാക്കിയിരുന്നു. അഞ്ചു തവണ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട തനിക്ക് മന്ത്രി പദത്തിന് അർഹതയുണ്ടെന്ന വാദമാണ് അന്ന് അദ്ദേഹം ഉന്നയിച്ചത്. മന്ത്രിപദവി ആവശ്യപ്പെട്ട് ഇടതു നേതൃത്വത്തിന് കുഞ്ഞുമോൻ മുൻപും കത്തുനൽകിയിരുന്നു അതും ഒരു പരിഗണനയുമില്ലാതെ തള്ളി. പാർട്ടിയെ സജീവമാക്കാൻ തൻ്റെ മന്ത്രിസ്ഥാനത്തിന് കഴിയുമെന്ന് കുഞ്ഞുമോൻ ഏറെ പ്രതീക്ഷിച്ചിരുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെയും അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറിയെ നേരിട്ട് കണ്ടും ആവശ്യം ഉന്നയിച്ചിരുന്നു നിരാശ തന്നെയായിരുന്നു ഫലം. ഇപ്പോൾ വീണ്ടും കെ രാധാകൃഷ്ണന്റെ ഒഴിവിൽ മന്ത്രിസ്ഥാനത്തെപ്പറ്റി ചർച്ച ചെയ്തപ്പോൾ കോവൂർ കുഞ്ഞുമോനാണ് മന്ത്രിസ്ഥാനം കിട്ടുകയെന്ന് രാഷ്ട്രീയ നിരീക്ഷകർ അടക്കം പ്രവചിച്ചിരുന്നു. പക്ഷേ പ്രവചനങ്ങൾ എല്ലാം അസ്ഥാനത്താക്കി കൊണ്ടാണ് മന്ത്രിസ്ഥാനം വയനാട്ടിലേക്ക് പറന്നത്.
2016ലെ നിർണായകഘട്ടത്തിൽ എൽഡിഎഫിനെ തള്ളി പറയാതെ ചേർത്തുനിർത്തിയാണ് കോവൂർ തൻറെ രാഷ്ട്രീയ മര്യാദ എൽഡിഎഫിനോട് കാട്ടിയത്. പിന്നീട് 2021ലും തങ്ങളുടെ മാതൃ പാർട്ടിയായ ആർഎസ്പി യിലേക്ക് പോകാൻ ലെനിസ്റ്റിലെ ഒരു വിഭാഗം തയ്യാറെടുത്തെങ്കിലും കുഞ്ഞുമോൻ അവരെ ചേർത്തുനിർത്തിയത് മന്ത്രിസ്ഥാനത്തെ പ്രതീക്ഷിച്ചു തന്നെയായിരുന്നു. ഇതിനിടെ പാർട്ടിയെ കൊച്ചാക്കിക്കൊണ്ട് കോവൂറിനെ എൻസിപി വഴി മന്ത്രിയാക്കാൻ എൽഡിഎഫ് ശ്രമം നടത്തിയതും എൻസിപിയിൽ തന്നെ പൊട്ടിത്തെറി ഉണ്ടായി ആ ശ്രമം പാളിയതും ഒടുവിൽ ആ തീരുമാനത്തെ തള്ളിപ്പറഞ്ഞ് കോവൂർ എത്തിയതും രാഷ്ട്രീയ കേരളം മറക്കാൻ ഇടയില്ല. തുടക്കത്തിൽ കിട്ടാത്തത് പുനർ സംഘടനയിലെങ്കിലും ലഭിക്കുമെന്ന് വിശ്വാസത്തിൽ പലരും ചേർന്നു നിന്നെങ്കിലും പുനർ സംഘടനയിലും കോവൂറിനെ തഴഞ്ഞതോടെ കൊഴിഞ്ഞുപോകാൻ ആളണ്ണമില്ലാത്ത പാർട്ടിയായി ആർഎസ്പി ലെനിനിസ്റ്റ് മാറി. ഇതിനിടെ ഉൾപോരും എംഎൽഎയെ പരസ്യമായി നേതാക്കൾ തന്നെ തള്ളിപ്പറയുന്ന സംഭവങ്ങളും ഉണ്ടായെങ്കിലും കൊല്ലം ജില്ലയ്ക്ക് അപ്പുറം വേരുകളില്ലാത്തതിനാൽ മാധ്യമങ്ങളും വാർത്ത ഒഴിവാക്കുകയായിരുന്നു.
0 Comments