banner

കൊല്ലത്ത് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാനെത്തിയ യുവാവിനെ സ്റ്റേഷനുള്ളിൽ കയറി മർദ്ദിച്ചു!, അസഭ്യം വിളിച്ച് മർദ്ദിച്ചത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ, തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്കും കിട്ടി തല്ല്, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേര്‍ പിടിയില്‍, കൊലപാതക ശ്രമത്തിന് കേസെടുത്തു

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കൊല്ലം : കൊല്ലം കടയ്ക്കല്‍ സ്റ്റേഷനില്‍ കയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ മര്‍ദിച്ചു. സ്റ്റേഷനുള്ളില്‍ വച്ചായിരുന്നു മര്‍ദനം. തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്കും മര്‍ദനമേറ്റു. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദവുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം. കോൺഗ്രസ്സ് പ്രവർത്തകനായ ജിഷ്ണുവിനും സുഹൃത്തുക്കൾക്കുമാണ് മര്‍ദനത്തിൽ പരിക്കേറ്റത്. തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെയും പ്രതികൾ ആക്രമിക്കുന്ന സ്ഥിതിയുണ്ടായി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രൻ വിജയിച്ചിരുന്നു. ഇതിൻ്റെ വിജയാഹ്ലാദത്തിനിടെ നടന്ന സിപിഎം പ്രവർത്തകർ തങ്ങളെ ആക്രമിച്ചത് സംബന്ധിച്ച്  പരാതി നല്‍കാനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജിഷ്ണുവും സുഹൃത്തുക്കളും പോലീസ് സ്റ്റേഷനില്‍ എത്തിയത്. തുടർന്ന് സിപിഎം പ്രവർത്തകർ സംഘമായി എത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ആരോപണം. 

ക്രിക്കറ്റ് ബാറ്റും വടികളുമായാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. മൂന്ന് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിപിഎം ബ്രാഞ്ച് സെക്രട്ടറി സജീര്‍, വിമല്‍ കുമാര്‍, വിശാഖ് എന്നിവരാണ് പിടിയിലായത്. രണ്ടുപേര്‍ ഒളിവിലാണ്. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments