banner

കൊല്ലം ജില്ലയിലെ പ്രധാന വാർത്തകൾ ഇങ്ങനെ...!, സർക്കാർ അറിയിപ്പുകൾ അറിയാം


PRESS RELEASE 20/9/2024

സംസ്ഥാനത്ത് നല്‍കിയത് 1,80,887 പട്ടയങ്ങള്‍  : മന്ത്രി കെ രാജൻ

കഴിഞ്ഞ മൂന്നര വര്‍ഷ കാലത്തിനിടയില്‍ 1,80,887 പേര്‍ക്ക് പട്ടം നല്കാന്‍ കഴിഞ്ഞത് ഭൂപരികരണത്തിനു ശേഷം സംസ്ഥാനം കണ്ട ഏറ്റവും വലിയ മുന്നേറ്റം ആണെന്ന് റവന്യു- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍.സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആക്കുന്ന പദ്ധതി പ്രകാരം ജില്ലയിലെ തൊടിയൂര്‍, മേലില വില്ലേജ് ഓഫീസുകളുടെ നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
26 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ക്ക് ആണ് ഇന്ന് സംസഥാനത്തുടനീളം ശിലാസ്ഥാപനം നടത്തുന്നത്. ഓരോ നിയോജകമണ്ഡല അടിസ്ഥാത്തില്‍ പട്ടയ അസംബ്ലി നടത്തി പരാതികള്‍ പട്ടയ ഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെടുത്തി ആറുമാസത്തെ ഇടവേളകളില്‍ അദാലത്തുകള്‍ സംഘടിപ്പിച്ചതിലൂടെയാണ് ഇത്രയും അധികം പട്ടയങ്ങള്‍ കുറ്റമറ്റ രീതിയില്‍ നല്കാന്‍ കഴിഞ്ഞത്.  എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ രേഖകളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തിലൂടെ ഭൂപരിഷ്‌കരണ നിയമത്തിന്റെ പൂര്‍ത്തീകരണത്തിലേക്ക്  നീങ്ങുകയാണ് സര്‍ക്കാര്‍. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വില്ലേജ് ഓഫീസുകള്‍ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി പുതിയ സാങ്കേതികവിദ്യയുടെ ഏകോപനത്തോടെ ആധുനികവല്‍ക്കരിക്കുകയാണ്. നടപടിക്രമങ്ങളില്‍ വേഗതയും സ്വകാര്യതയും ഇതിലൂടെ കൈവരിക്കാന്‍ സാധിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അധ്യക്ഷനായി. പുനലൂര്‍ ആര്‍ ഡി.ഒ. ജി.സുരേഷ് ബാബു, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വനിതാ കമ്മിഷന്‍ സിറ്റിംഗ്

ആശ്രാമം ഗസ്റ്റ് ഹൗസില്‍ വനിതാകമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണിയുടെ നേതൃത്വത്തില്‍ സിറ്റിംഗ് നടത്തി.70 കേസുകള്‍ പരിഗണിച്ചതില്‍ 21 എണ്ണത്തില്‍  തീര്‍പ്പ് കല്‍പ്പിച്ചു.നാലെണ്ണം പോലീസ് റിപ്പോര്‍ട്ട് ലഭിക്കുന്നതിലേക്കായി നല്‍കി .45 കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. മെമ്പര്‍മാരായ അഡ്വ.ഹേമ എസ്. ശങ്കര്‍, അഡ്വ. സീനത്ത് ബീഗം ജെ., കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത എന്നിവര്‍ പങ്കെടുത്തു.

സ്‌പെഷ്യല്‍ സ്‌ക്കൂള്‍ കലോത്സവം; സ്‌ക്രീനിംഗ് നടത്തി

 സ്‌പെഷ്യല്‍ സ്‌ക്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി മാനസിക വെല്ലുവിളി നേരിടുന്ന (എം.ആര്‍ വിഭാഗം) കുട്ടികളുടെ ജില്ലാതല സ്‌ക്രീനിംഗ് മത്സരങ്ങള്‍   സെന്റ് അലോഷ്യസ് എച്ച് എസ് എസില്‍നടത്തി. കലോത്സവത്തിന്റെ മാതൃകയില്‍ വിപുലമായ തയ്യാറെടുപ്പുകളോടെയാണ്   സ്‌ക്രീനിംഗ് നടത്തിയത്. ഇതിലെ വിജയികള്‍ക്ക് ഒക്‌ടോബര്‍ മൂന്ന് മുതല്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം.    കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍   സവിത ദേവി  ഉദ്ഘാടനം  ചെയ്തു. ചിത്ര രചന(ജലഛായം), ചിത്രരചന(പെന്‍സില്‍), ഉപകരണ സംഗീതം, ലളിതഗാനം, നാടോടി നൃത്തം, മോഹിനിയാട്ടം എന്നീ വ്യക്തിഗതയിനങ്ങളിലും ദേശഭക്തിഗാനം, സമൂഹ ഗാനം, ഗ്രൂപ്പ് ഡാന്‍സ് എന്നീ ഗ്രൂപ്പ് ഇനങ്ങളിലുമായി 89 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശ്രീജ ഹരീഷ് സമ്മാനദാനം നിര്‍വഹിച്ചു. ജനറല്‍ കണ്‍വീനര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.ഐ.ലാല്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

യോഗം ചേരും

  ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ   28ാം ഓണാഘോഷവും  കാളകെട്ട് മഹോത്സവവുമായി ബന്ധപ്പെട്ട്  ഉദ്യോഗസ്ഥരുടേയും  ക്ഷേത്രഭരണസമിതി ഭാരവാഹികളുടേയും കാളകെട്ട് സമിതി പ്രതിനിധികളുടെയും  സംയുക്ത യോഗം സെപ്തംബര്‍ 25  ഉച്ചയ്ക്ക് 3.30 ന് ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേരും.

ഗാന്ധി ജയന്തി; ആലോചനായോഗം

ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിക്കുന്നതിനാവശ്യമായ  ക്രമീകരണങ്ങള്‍  ചര്‍ച്ച ചെയ്യുന്നതിന്  സെപ്തംബര്‍ 25  രാവിലെ 11.30 ന് ജില്ലാ കലക്ടറുടെ  ചേമ്പറില്‍ യോഗം ചേരും.

വനിതാ രത്ന പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം

വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വനിതകള്‍ക്കുള്ള വനിതാ രത്ന പുരസ്‌കാരത്തിന് നോമിനേഷനുകള്‍ ക്ഷണിച്ചു. അവാര്‍ഡിനായി നോമിനേറ്റ് ചെയ്യുന്ന വ്യക്തി ജീവിച്ചിരിക്കുന്ന ആളും കഴിഞ്ഞ അഞ്ച് വര്‍ഷമെങ്കിലും പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിച്ചവരുമായിരിക്കണം. സാമൂഹ്യ സേവനം, കായികം,  പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത,  സ്ത്രീകളുടെയും കട്ടികളുടേയും ശാക്തീകരണം,  വിദ്യാഭ്യാസ,  ശാസ്ത്ര സാങ്കേതിക മേഖല,   കലാരംഗം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് അവാര്‍ഡിനായി പരിഗണിക്കുന്നതിലേക്ക് വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ മുഖേന നോമിനേഷനും വിശദവിവരങ്ങളും (രേഖകള്‍, പുസ്തങ്ങള്‍, സി.ഡി.കള്‍, പത്രക്കുറിപ്പുകള്‍) സഹിതം   ഒക്ടോബര്‍ 10 നകം ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കാം. ഫോണ്‍ :0474 2992809.

പോഷ് ആക്ട്: പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്നതിനും എല്ലാ സ്ത്രീകള്‍ക്കും അന്തസ്സോടെയും സുരക്ഷിതത്വ ബോധത്തോടെയും ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി നടപ്പിലാക്കിയ 2013 ലെ പോഷ് ആക്ട് അനുസരിച്ച് എല്ലാ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലും (പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള) ഇന്റേണല്‍ കമ്മറ്റിയും ജില്ലാ തലത്തില്‍ ലോക്കല്‍ കമ്മറ്റിയും രൂപീകരിക്കുന്നതിനും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. പത്തോ അതിലധികമോ ജീവനക്കാരുള്ള (സ്ഥിരം, താത്ക്കാലികം)സ്ഥാപന മേധാവികള്‍ അവരുടെ സ്ഥാപനത്തില്‍ പോഷ് ആക്ട് പ്രകാരം രൂപീകരിച്ച ഇന്റേണല്‍ കമ്മിറ്റിയുടെ വിവരങ്ങള്‍, പരാതി സംബന്ധിച്ച വിവരങ്ങള്‍, റിപ്പോര്‍ട്ട് എന്നിവ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം.  പോഷ് പോര്‍ട്ടല്‍ ലിങ്ക് : https://posh.wcd.kerala.gov.in/posh/index.php .

ഐ.ടി.ഐ പ്രവേശനം

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐ യിലെ എന്‍.സി.വി.ടി  കോഴ്‌സുകളായ ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്,  സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രസ്സ് മേക്കിംഗ് ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക്   അപേക്ഷിക്കാം.  സെപ്തംബര്‍ 30നകം ഐ.ടി.ഐയില്‍   അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0479 2457496, 9747454553.


ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 

ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ് വകുപ്പില്‍ ഫയര്‍ ആന്റ്റ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 188/23), ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) (കാറ്റഗറി നമ്പര്‍ 187/23), ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍)  ഫസ്റ്റ് എന്‍സിഎ-വി (കാറ്റഗറി നമ്പര്‍ 614/2022), ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍ III)  എന്‍സിഎ-എസ്.റ്റി (കാറ്റഗറി നമ്പര്‍ 615/2022) എന്നീ തസ്തികകളിലേയ്ക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും  സെപ്റ്റംബര്‍ 24, 25, 26, 30, ഒക്ടോബര്‍ ഒന്ന്, മൂന്ന്, നാല്  തീയതികളില്‍ രാവിലെ 5.30  മുതല്‍  ശ്രീനാരായണ കോളജ് ഗ്രൗണ്ട്, കൊല്ലം, സര്‍ക്കാര്‍ വി.എച്ച്.എസ്.എസ് ഗ്രൗണ്ട്,   ചോറ്റാനിക്കര, എം.എസ്.പി പരേഡ് ഗ്രൗണ്ട്( അപ്പ് ഹില്‍) മലപ്പുറം,  സെന്റ് സേവ്യഴ്സ് യു.പി സ്‌കൂള്‍    പെരുവയല്‍ (പൂവാറ്റുപ്പറമ്പിന് സമീപം)   എന്നിവിടങ്ങളില്‍ നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പ്രവേശന ടിക്കറ്റ്,  മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അംഗീകൃത തിരിച്ചറിയല്‍ രേഖ, ഡ്രൈവിംഗ് ലൈസന്‍സ് ( ബാധകമെങ്കില്‍)  എന്നിവയുടെ അസലുമായി ഹാജരാകണം.


ടെന്‍ഡർ

പത്തനാപുരം   ശിശു വികസന പദ്ധതി ആഫീസ് പരിധിയിലെ 185 അങ്കണവാടികള്‍ക്ക്    കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്   ടെന്‍ഡര്‍ ക്ഷണിച്ചു.   അവസാന തീയതി  സെപ്തംബര്‍ 30.   ഫോണ്‍ :- 9446524441.


താത്ക്കാലികനിയമനം

ചാത്തന്നൂര്‍ ഐ ടി ഐ യില്‍ ഡ്രസ്സ് മേക്കിങ് ട്രേഡ് ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം   നടത്തും.   യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍   എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും /എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡ്രസ്സ് മേക്കിങ് /ഗാര്‍മെന്റ് ഫാബ്രിക്കേറ്റിംഗ് ടെക്നോളജി /കോസ്റ്റും ടെക്നോളജി വിഷയത്തിലെ ബിരുദവും പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ അപ്പാരല്‍ ടെക്നോളജി വിഷയത്തിലെ ഡിഗ്രിയും പ്രവര്‍ത്തി പരിചയവും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും   പകര്‍പ്പുകളും സഹിതം  സെപ്തംബര്‍ 25   രാവിലെ 10ന്   ഹാജരാകണം.  ഫോണ്‍ 0474 2594579.

ജില്ലാ വികസന സമിതി 28 ന്

ജില്ലാ വികസന സമിതി യോഗം സെപ്തംബര്‍ 28  രാവിലെ 11 ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

അറിയിപ്പ്

ഡിപ്ലോമ ഇന്‍ ഫാര്‍മസി  കോഴ്‌സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക്   സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പരിശീലനം നല്‍കും. ഡി ഫാം കോഴ്‌സ് സര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളും സഹിതം കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0474 2575050.


ടെന്‍ഡർ

ജില്ലാ ആശുപത്രി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിനായി ഒക്ടോബര്‍ ഒന്ന് മുതല്‍ 2025 മാര്‍ച്ച് 31വരെ  വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.  അവസാന തീയതി സെപ്തംബര്‍ 27. ഫോണ്‍: 0474 2740166.

സൗജന്യപരിശീലനം

കൊട്ടാരക്കര കില, സി.എസ്.ഇ.ഡി. വികസന പരിശീലന കേന്ദ്രത്തില്‍    സെപ്റ്റംബര്‍ 26 മുതല്‍ 28 വരെ  തേനീച്ച വളര്‍ത്തലില്‍   സൗജന്യപരിശീലനം സംഘടിപ്പിക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ എന്‍.എച്ച്.ജി, എസ്.എച്ച്.ജി കുടുംബശ്രീ അംഗങ്ങള്‍, പൊതുജനങ്ങള്‍, കര്‍ഷകര്‍, എന്നിവര്‍ക്ക് പങ്കെടുക്കാം.    ഭക്ഷണം, യാത്രാപ്പടി എന്നിവ നല്‍കും. രജിസ്ട്രേഷന്:  9496687657, 9496320409.  

പ്രവേശന പരിശീലന ധനസഹായം

ഒരു വര്‍ഷത്തെ മെഡിക്കല്‍ പ്രവേശന പരിശീലനത്തിന് പ്ലസ് ടു/ വി എച്ച് എസ് ഇ പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡും എഞ്ചിനീയറിംഗ് പ്രവേശന പരിശീലനത്തിന് ഫിസിക്സ്, കെമിസ്ട്രി കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡും സി.ബി.എസ്.സി, ഐ.സി.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് ഫിസിക്സ്, കെമസ്ട്രി, ബയോളജി ഇംഗ്ലീഷ് വിഷയങ്ങളില്‍  യഥാക്രമം  എ2, എ ഗ്രേഡും വാങ്ങി പാസ്സായ വിദ്യാര്‍ഥികള്‍ക്ക്   ധനസഹായത്തിന് അപേക്ഷിക്കാം.   അപേക്ഷക്കൊപ്പം കോഴ്സ് സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് , ജാതി വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ് ബുക്ക് പകര്‍പ്പ് എന്നിവ സഹിതം  ഒക്ടോബര്‍ 10 നകം  ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474-2794996

ടെന്‍ഡർ

 ജില്ലാ ആശുപത്രിയിലെ ജില്ലാ ലിംബ് ഫിറ്റിംഗ് സെന്ററിലേക്ക് 2025 മാര്‍ച്ച് 31 വരെ  ആവശ്യമായ സാധനങ്ങള്‍  വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി  ഒക്‌ടോബര്‍ 20 വൈകിട്ട് മൂന്ന്. ഫോണ്‍: 0474 2742004.
(പി.ആര്‍.കെ നമ്പര്‍ 2450/2024)

താല്‍ക്കാലിക കണ്ടുകെട്ടല്‍; ഉദ്യോഗസ്ഥരെ  ചുമതലപ്പെടുത്തി

ബഡ്സ്  നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പൊതുജനങ്ങളില്‍ നിന്നും വിവിധ പദ്ധതിയുടെ പേരില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും പണം തിരികെ നല്‍കാതിരിക്കുകയും   ചെയ്തതിന്  സേഫ് ആന്റ് സ്ട്രോങ് ബിസിനസ് കണ്‍സല്‍ട്ടന്‍സ്/ സേഫ് ആന്റ് സ്ടോങ് നിധി ലിമിറ്റഡ് ആന്റ് അലൈഡ് ഫേംസ്, നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഗ്രൂപ്പ് ആന്റ് അലൈഡ് ഫേംസ്,  സി.വി.ആര്‍ സ്പെഷ്യലിറ്റി ഹോസ്പിറ്റല്‍,മണ്ണാര്‍ക്കാട്  എന്നീ സ്ഥാപനങ്ങളുടെ  സ്ഥാവരജംഗമ വസ്തുക്കളുടെ  താല്‍ക്കാലിക  കണ്ടുകെട്ടല്‍  ഉത്തരവ്   നടപ്പാക്കുന്നതിന് ജില്ലാതലമേധാവിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും  ചുമതലപ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാകലക്ടര്‍ എന്‍.ദേവിദാസ് ഉത്തരവായി.
 
പുലമൺതോട് ശുചീകരണത്തിനു സംഘാടകസമിതി ചേർന്നു

 മാലിന്യ മുക്തം  നവ കേരളം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാ ടനത്തോടനുബന്ധിച്ച് പുലമൺ തോട് ശുചീകരിക്കുന്നതിനും നവീകരിക്കുന്നതിനുള്ള സംഘാടക സമിതി  ധന കാര്യ മന്ത്രി കെ എൻ ബാലഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്നു. ഒക്ടോബർ രണ്ടിന് കൊട്ടാരക്കരയിൽ നടക്കുന്ന  പരിപാടിയിൽ  മാലിന്യമുക്തം നവകേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും ബഹുജനങ്ങളുടെയും വിപുലമായ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ധനകാര്യ  മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു.   
മാലിന്യ മുക്തം നവകേരളം, വീണ്ടെടുക്കാം പുലമൺ തോട് എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ടാണ് ശുചീകരണ, നവീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. കൊട്ടാരക്കര നഗരസഭ, കുളക്കട മൈലം ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലൂടെ  കടന്നുപോകുന്ന പുലമൺ തോടിന്റെ  സമഗ്രമായ വീണ്ടെടുക്കലാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ സമഗ്രവികസനത്തിന്   ലക്ഷ്യം വയ്ക്കുന്ന സമഗ്ര കൊട്ടാരക്കര പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യനിർമാർജനത്തിനും സഹായകമായ വിവിധ പരിപാടികൾ ഇതിനോട് ചേർന്ന് നടപ്പിലാക്കുന്നുണ്ട്. കൊട്ടാരക്കര ബ്രദറാൻ  ഹാളിൽ നടന്ന ചടങ്ങിൽ  നവകേരള മിഷൻ സംസ്ഥാന കോഡിനേറ്റർ ഡോ. ടി എൻ സീമ, കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എസ്.ആർ രമേശ്, ജില്ലാ കളക്ടർ എൻ ദേവിദാസ്, തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments