
പ്രത്യേക ലേഖകൻ
അഞ്ചാലുംമൂട് : പ്രാക്കുളം പള്ളാപ്പിലെ സ്വകാര്യ ഹോം സ്റ്റേയിൽ പകൽ പോലീസ് എത്തിയപ്പോൾ യുവാക്കളുടെ മദ്യപാനം. രണ്ട് മാസം മുൻപ് ഇതേ ഹോംസ്റ്റേയിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചതായ കേസിൽ കഴിഞ്ഞ ദിവസം പോലീസ് മഹസർ തയ്യാറാക്കാനെത്തിയപ്പോഴാണ് ഹോംസ്റ്റേയ്ക്കുള്ളിലെ മദ്യപാനം പിടികൂടി താക്കീത് ചെയ്തത്. ഇരവിപുരം പോലീസ് സ്റ്റേഷനിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട കേസിൽ ഈസ്റ്റ് പോലീസാണ് ഇരയുമായി മഹസർ തയ്യാറാക്കാനെത്തിയത്. പോലീസിനെ കണ്ട് വിരണ്ട സംഘം പോലീസിനോട് തട്ടിക്കയറിയെങ്കിലും ലൈസൻസ് പോലും ഇല്ലാതെ പ്രവർത്തിക്കുന്ന ഹോംസ്റ്റേയിലെ മദ്യപാനം പണിയാവുമെന്ന് തിരിച്ചറിഞ്ഞ ഉടമ പൊതുപ്രവർത്തകനെ വിളിച്ചാണ് തടിയൂരിയത്. അതേ സമയം, പോലീസിനോട് മദ്യ ലഹരിയിലായിരുന്ന യുവാക്കൾ വാക്കേറ്റത്തിലേർപ്പെടുന്നതിൻ്റെ ദൃശ്യങ്ങൾ പോലീസിൻ്റെ പക്കലുണ്ടെന്നാണ് സൂചന.സംഭവം നാട്ടുകാരും, എത്തിയതായ വിവരം പോലീസ് വൃത്തങ്ങളും അഷ്ടമുടി ലൈവിനോട് സ്ഥിരീകരിച്ചു. എന്നാൽ നിയമത്തിന് വിധേയമല്ലാതെ പ്രവർത്തിക്കുന്ന രജിസ്റ്റർ ചെയ്യാത്ത ഹോംസ്റ്റേകൾ വിനോദസഞ്ചാരികളെ അപകടത്തിലാക്കുകയാണ്. നിലവാരമില്ലാത്ത താമസ സൗകര്യങ്ങളും ആവശ്യ സുരക്ഷാ നടപടികളുടെ അഭാവവും ഇത്തരം അപകടങ്ങളെ തുറന്നു കാട്ടുന്നു. നികുതി വെട്ടിപ്പ്, സോണിംഗ് ലംഘനങ്ങൾ, ആരോഗ്യപരമായ അപകടങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തി ഈ അനധികൃത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ തൃക്കരുവ ഗ്രാമ പഞ്ചായത്ത് തയ്യാറാകാത്തതിൽ ജനങ്ങൾക്കിടയിൽ അമർഷമുണ്ട്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സ്ത്രീകളും പുരുഷന്മാരും ഇത്തരം ലൈസൻസ് ഇല്ലാത്ത ഹോംസ്റ്റേകളിൽ നിത്യ സന്ദർശകരാണ്. സംഭവത്തിൽ പോലീസും മൗനം തുടരുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
0 Comments