Iklan

Iklan

,

Iklan

Video

സമനിലയിൽ ഫൈനൽ; ആദ്യ ഇന്നിംഗ്സ് ലീഡിന്റെ ബലത്തിൽ വിദർഭയ്ക്ക് മൂന്നാം കിരീടം, അഭിമാനത്തോടെ കേരളത്തിന്റെ മടക്കം

SPECIAL CORRESPONDENT
, Sunday, March 02, 2025 WIB Last Updated 2025-03-02T12:28:52Z



നാഗ്പുർ : കേരളം- വിദർഭ രഞ്ജി ട്രോഫി ഫൈനൽ സമനിലയിൽ കൈകൊടുത്തു. ആദ്യ ഇന്നിങ്സിന്റെ ലീഡ് പിൻബലത്തിൽ വിദർഭയ്ക്ക് മൂന്നാം കിരീടം. അതേസമയം ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ കേരളത്തിന് അഭിമാനത്തോടെ മടങ്ങാം. ഫൈനലിൽ മികച്ച പോരാട്ടവീര്യം പുറത്തെടുക്കാൻ കേരള താരങ്ങൾക്ക് കഴിഞ്ഞു. അഞ്ചാംദിനം സ്റ്റമ്പെടുക്കുമ്പോൾ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 375 റൺസെന്ന നിലയിൽ മത്സരം അവസാനിപ്പിക്കുകയായിരുന്നു.

രഞ്ജിയിലെ മുടിചൂടാമന്നന്മാരായ മുംബൈയെ അടക്കം തകർത്ത് ഫൈനലിലെത്തിയ ടീമാണ് വിദർഭ. ഗ്രൂപ്പ് ഘട്ടങ്ങളിലെല്ലാം മിന്നും വിജയങ്ങൾ നേടിയെത്തിയ ടീമിനെതിരേ മികച്ച പോരാട്ടവീര്യം പുറത്തെടുക്കാൻ കേരളത്തിന് കഴിഞ്ഞു എന്നതിൽ അഭിമാനിക്കാം. ആദ്യമായി ഫൈനലിലെത്തിയ ടീമിന്റെ ശരീരഭാഷയൊന്നുമായിരുന്നില്ല കേരളം പ്രകടിപ്പിച്ചത്. വിദർഭയെ, അവരുടെ നാട്ടിൽ നടക്കുന്ന ഫൈനലിൽ, ഒന്നാം ഇന്നിങ്‌സിൽ വിറപ്പിക്കാൻ കേരളത്തിനായി. വെറും 37 റൺസ് അകലെ പത്തുപേരും പുറത്തായതാണ് കിരീടം കേരളത്തിൽനിന്ന് അന്യമാക്കിയത്.

വിദർഭയ്ക്കായി രണ്ട് ഇന്നിങ്‌സിലും മലപോലെ നിലയുറച്ച മറുനാടൻ മലയാളിയായ കരുൺ നായരും ഡാനിഷ് മാലേവറുമാണ് അവരുടെ വരുതിയിലാക്കിയത്. ആ കൂട്ടുകെട്ടുതന്നെയാണ് കേരളത്തിൽനിന്ന് കിരീടം കന്നിക്കിരീടം തട്ടിയകറ്റിയത്.

കഴിഞ്ഞദിവസം സെഞ്ചുറിയും കടന്ന് ക്രീസിൽ നിലയുറപ്പിച്ച കരുൺ നായരെ, വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ സ്റ്റമ്പുചെയ്ത് പുറത്താക്കുകയായിരുന്നു. അഞ്ചാംദിനത്തിലെ ആദ്യ വിക്കറ്റ്. 295 പന്തിൽ പത്ത് ഫോറും രണ്ട് സിക്‌സും സഹിതം 135 റൺസാണ് കരുൺ നേടിയത്. നേരത്തേ മൂന്നാംവിക്കറ്റിൽ ഡാനിഷ് മാലേവറുമായി ചേർന്ന് 182 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയത് കേരളത്തിന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയിരുന്നു. ക്യാപ്റ്റൻ അക്ഷയ് വദ്കർ (25), ഹർഷ് ദുബെ (4), അക്ഷയ് കർനേവർ (30), നാച്ചികെട്ട് ഭൂട്ടെ (3) എന്നിവരും ഇന്ന് പുറത്തായി. ആദിത്യ സർവാതെയ്ക്ക് നാലുവിക്കറ്റുകളായി.

നേരത്തേ ടോസ് നേടി വിദർഭയെ ബാറ്റിങ്ങിനയച്ച കേരളം 379 റൺസിന് എല്ലാവരേയും പുറത്താക്കിയിരുന്നു. അന്ന് ഡാനിഷ് മാലേവറിന്റെ സെഞ്ചുറിയാണ് വിദർഭയെ രക്ഷിച്ചത്. മറുപടി ബാറ്റിങ്ങിൽ കേരളം 342 റൺസിന് പുറത്തായി. 37 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ വിദർഭ പിന്നീട് ഏഴ് റൺസിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെടുത്തിയെങ്കിലും കരുൺ നായരും മാലേവറും ചേർന്ന് മതിലുപോലെ നിലയുറപ്പിക്കുകയായിരുന്നു. അതോടെ കീരീടം അവരുടെ തട്ടകത്തിലേക്കായി.


Terbaru Lainnya

Recents