കൊല്ലം : ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഏപ്രിൽ 15ന് നടക്കുന്ന കൊല്ലം പൂരത്തിലെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. പൂരദിവസം രാത്രി 7 മുതൽ 9 വരെ വെടിക്കെട്ട് നടത്തുന്നതിനായി ക്ഷേത്ര ഉപദേശ സമിതിക്ക് വേണ്ടി സെക്രട്ടറി അനിൽകുമാർ സമർപ്പിച്ച അപേക്ഷ ജില്ലാ ഭരണകൂടം തള്ളുകയായിരുന്നു.
പൊലീസ് കമ്മിഷണർ, തഹസിൽദാർ, ജില്ലാ ഫയർ ഓഫീസർ എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചത്. വെടിക്കെട്ടിനുള്ള സ്‌ഫോടക വസ്തുക്കൾ സൂക്ഷിക്കുന്നതിനായി PESO (പെട്രോളിയം & എക്‌സ്‌പ്ലോസീവ് സെഫ്റ്റി ഓർഗനൈസേഷൻ) നിബന്ധനകൾക്ക് അനുയോജ്യമായ മാഗസിൻ ഇവിടെ സ്ഥാപിക്കാനാകില്ലെന്ന് വ്യക്തമായതാണ് പ്രധാന കാരണം.
അതിനുപുറമേ, മൈതാനത്തിന്റെ പബ്ലിക് ലയബിലിറ്റി ഇൻഷ്വറൻസ്, റിസ്‌ക് അസസ്‌മെന്റ് പ്ലാൻ, ഓൺ-സൈറ്റ് എമർജൻസി പ്ലാൻ, അനുബന്ധ സർട്ടിഫിക്കറ്റുകൾ, സ്‌ഫോടക വസ്തുക്കളുടെ വിശദവിവരങ്ങൾ എന്നിവ ഹാജരാക്കാത്തതും അനുമതി നിഷേധിക്കാനുള്ള മറ്റൊരു കാരണം ആയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി.
വൻ ജനക്കൂട്ടം പങ്കെടുക്കുന്ന പ്രദേശമായതിനാൽ സുരക്ഷിതമായ രീതിയിൽ വെടിക്കെട്ട് നടത്തുന്നത് അപ്രായോഗികമാണെന്ന് കണക്കിലെടുത്താണ് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജി. നിർമ്മൽകുമാർ അനുമതി നിഷേധിച്ച ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
0 Comments