കൊല്ലം : എഴുകോൺ റെയിൽവേ സ്റ്റേഷനിൽ പ്ളാറ്റ് ഫോമിനും ട്രാക്കിനും ഇടയിൽ വീണ് യുവാവിന് ഗുരുതര പരിക്ക്. നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറുന്നതിനിടെയാണ് അപകടം. പവിത്രേശ്വരം ഇടവട്ടം സുരേഷ്ഭവനത്തിൽ സുരേഷ്‌കുമാറിന്റെ മകൻ പ്രണവ് (20) ആണ് അപകടത്തിൽപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. എഴുകോൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് 7.05ന് പുറപ്പെടുന്ന കന്യാകുമാരി എക്‌സ്‌പ്രസിൽ സ്ഥിരം യാത്രക്കാരനാണ് പ്രണവ്. ഇതിൽ കയറാൻ ശ്രമിക്കവേയാണ് അപകടമുണ്ടായത്. ട്രെയിൻ ഓടി തുടങ്ങിയപ്പോഴാണ് പ്രണവ് സ്റ്റേഷനിലെത്തിയത്. അവസാന ബോഗിയും സ്റ്റേഷന്റെ പ്രവേശന കവാടം പിന്നിടാൻ തുടങ്ങവെ ഈ ബോഗിയിലേക്ക് യുവാവ് ചാടിക്കയറാൻ ശ്രമിക്കുകയായിരുന്നു. വേഗതയിൽ നിയന്ത്രണം നഷ്ടപ്പെട്ട് കമ്പിയിൽ നിന്ന് പിടിവിട്ടു. ഇതോടെ പ്ലാറ്റ്ഫോമിനും ട്രാക്കിനും ഇടയിലേക്ക് വീഴുകയായിരുന്നു.
സംഭവം കണ്ട് ചീഫ് കൊമേഴ്സ്യൽ സൂപ്പർവൈസർ എ. സോജ, താത്കാലിക ശുചീകരണ തൊഴിലാളി അഖിൽ, സംഭവസമയം അവിയുണ്ടായിരുന്ന യാത്രക്കാരൻ എന്നിവർ ഓടിയെത്തി പ്രണവിനെ ട്രാക്കിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറ്റുകയായിരുന്നു. സമീപത്തെ പൂക്കട ഉടമകളായ രതിൻ, അഖിൽ, സുഹൃത്ത് ആദർശ് എന്നിവരും സഹായവുമായി എത്തി. ഗാർഡിന്റെ അറിയിപ്പിനെ തുടർന്ന് ട്രെയിൻ നിർത്തി. എന്നാൽ ആംബുലൻസോ പൊലീസ് വാഹനമോ സമയത്ത് ലഭ്യമാകാത്തതിനാൽ രതിന്റെ കാറിൽ പ്രണവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വാരിയെല്ല്, നട്ടെല്ല്, തുടയെല്ല് എന്നിവയ്ക്ക് ഗുരുതര പരിക്കുണ്ട്.
ചെവിയുടെ ഒരു ഭാഗം മുറിഞ്ഞു, തലയ്ക്കും സാരമായ പരിക്കേറ്റു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.അപകടം പിൻവശത്തെ ബോഗിയിൽ നടന്നതിനാൽ പ്രണവ് ജീവനോടെ രക്ഷപ്പെട്ടു. ഗാർഡ് വനിതയായിരുന്നതിനാൽ ഗാർഡ് ബോഗി പിന്നിൽ നിന്ന് രണ്ടാമതായിരുന്നു. ഐ.ടി.ഐ. പഠനം പൂർത്തിയാക്കിയ പ്രണവ് തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിൽ ലിഫ്റ്റ് ടെക്നോളജി പരിശീലനത്തിലാണ്.
0 Comments