banner

കൊല്ലത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിൽ ഇടിച്ച് അപകടം; 34കാരൻ മരിച്ചു; മുൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം പൊലീസ് കസ്റ്റഡിയിൽ


കൊല്ലം : കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഷൈൻ (34) ആണ് മരിച്ചത്. നിയന്ത്രണംവിട്ട കാർ ബൈക്കിൽ ഇടിച്ചാണ് അപകടം നടന്നത്. കാർ ഓടിച്ച ടെനി ജോപ്പൻ പൊലീസ്  കസ്റ്റഡിയിലാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്സൺ സ്റ്റാഫ് അംഗമായിരുന്നു ടെനി ജോപ്പൻ. 

ഇദ്ദേഹം ഓടിച്ച കാർ ഷൈൻ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചിട്ട ശേഷം സമീപത്തെ വീട്ടിലേക്കും ഇടിച്ചു കയറി. പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ പൊലീസ് ടെനി ജോപ്പനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

അപകടത്തിൻ്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മരിച്ച യുവാവിൻ്റെ മൃതദേഹം പൊലീസിൻ്റെ നിയമ നടപടിക്രമങ്ങൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ഇന്ന് പുലർച്ചെ എറണാകുളത്തും യുവാവ് അപകടത്തിൽ മരിച്ചിരുന്നു. എറണാകുളം പൂത്തോട്ടയ്ക്കു സമീപം പുത്തന്‍കാവില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാരൻ മരിച്ചത്.

വൈക്കം മറവന്‍തുരുത്ത് സ്വദേശി ജിജോ തോമസ് (38) ആണ് ഇന്ന് പുല‍ർച്ചെ നടന്ന അപകടത്തിൽ കൊല്ലപ്പെട്ടത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ജിജോ.

രാവിലെ സുഹൃത്തിനെ എറണാകുളത്താക്കാൻ ബൈക്കുമായി വന്നതായിരുന്നു. തിരികെ മടങ്ങുമ്പോൾ പുത്തൻകാവിൽ വച്ച് ഇദ്ദേഹം ഓടിച്ച ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറിയെന്നാണ് വിവരം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Post a Comment

0 Comments