മലപ്പുറം: കേരളം ദിനംപ്രതി കൂടുതൽ വർഗീയമാവുകയാണെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇപ്പോൾ സ്വാമി വിവേകാനന്ദൻ ജീവിച്ചിരുന്നെങ്കിൽ, 'ഭ്രാന്താലയം' എന്നതിനേക്കാൾ ശക്തമായ വാക്ക് ഉപയോഗിച്ചേനെയെന്ന് അദ്ദേഹം കർശനമായ ഭാഷയിൽ വിമർശിച്ചു. “കേരളത്തിൽ എല്ലാ ന്യൂനപക്ഷങ്ങളും അസംതൃപ്തരാണ്. എല്ലാവർക്കും അന്യതാബോധം രൂപപ്പെടുകയാണ്,” എന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം സംബന്ധിച്ച പരാമർശത്തെയും മുല്ലപ്പള്ളി രാമചന്ദ്രൻ ശക്തമായി അപലപിച്ചു. “എസ്എൻഡിപി ജനറൽ സെക്രട്ടറി ശ്രീനാരായണ ഗുരുദേവനെ പഠിക്കണം. സമൂഹങ്ങളെ പങ്കുവെക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവനകൾ ഉണ്ടാകുന്നത്,” എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“ഇത് വെള്ളാപ്പള്ളിയുടെ ആദ്യ വിവാദ പ്രസ്താവനയല്ല. എല്ലാ സമയത്തും വിഭാഗീയതയെ ഉത്സാഹിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ പിന്തുടർന്ന്, ആ വഴിയിലൂടെയാണ് പോവേണ്ടത്,” എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
0 Comments