മലപ്പുറം : പൊന്നാനിയിലെ എരമംഗലത്ത് വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അതിക്രമം നടത്തിയതായി പരാതി ഉയർന്നു. പെരുമ്പടപ്പ് പൊലീസിനെതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നത്. വിദ്യാർത്ഥികളെ വീടുകളിൽ നിന്ന് പൊലീസ് പിടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വിവാദമാകുകയാണ്. ഉത്സവത്തിനിടെ ഉണ്ടായ സംഭവങ്ങളെ തുടര്‍ന്നാണ് വിദ്യാർത്ഥികൾക്കെതിരേ പൊലീസ് നടപടിയെടുത്തത്. സംഭവത്തെ 'നരനായാട്ട്' എന്ന് വിശേഷിപ്പിച്ച് സിപിഐഎം രംഗത്തെത്തി. അതേസമയം, പെരുമ്പടപ്പ് സ്റ്റേഷനിലേക്കല്ല വിദ്യാർത്ഥികളെ കൊണ്ടുപോയതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
പ്രദേശവാസികളുടെ വാദം പ്രകാരം, വിദ്യാർത്ഥികളെ പൊലീസുമായി ചേർന്ന് പ്രവർത്തിക്കുന്ന മാഫിയ, ക്രിമിനൽ സംഘങ്ങളുടെ അടുത്തേക്ക് കൊണ്ടുപോയി. പിന്നീട്, പെരുമ്പടപ്പ് പാറ റോഡിൽ നിലകൊള്ളുന്ന ശ്മശാനഭാഗത്തേക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായും അവർ ആരോപിച്ചു. “വയറിന്റെ ഭാഗത്ത് നിന്നുള്ള രോമം പിടിച്ചുവലിക്കൽ, സ്വകാര്യ ഭാഗത്ത് പിടിച്ച് ഞെരിക്കൽ, ലാത്തികൊണ്ട് പല്ലുകൾ തകർക്കൽ തുടങ്ങിയ ക്രൂരതകൾ അരങ്ങേറി,” എന്നാണ് ഒരു പ്രദേശവാസി മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം, വിദ്യാർത്ഥികളിൽ ചിലർ തങ്ങളെയാണ് ആക്രമിച്ചതെന്ന് പൊലീസ് വാദിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെടുന്ന വേളയിലാണ് പ്രതിഷേധങ്ങൾ ശക്തമായത്.
0 تعليقات