കൊല്ലം : എം.എ. ബേബി ഇന്ന് രാജ്യത്തുടനീളമുള്ള രാഷ്ട്രീയ മേഖലയിലൊരു പ്രശസ്തനായ നേതാവായിത്തീർന്നിട്ടുണ്ട്. എന്നാൽ ആ യാത്രയ്ക്ക് തുടക്കമിട്ടത് ആറു പതിറ്റാണ്ട് മുമ്പ് ഒരു സാധാരണ വിദ്യാർത്ഥിയായിരിക്കെ, ഒരു ആത്മാർത്ഥ സുഹൃത്ത് തെളിച്ച വഴിയിലൂടെയാണ്. 1967-ൽ എം.എ. ബേബി പ്രാക്കുളം എൻ.എസ്.എസ് ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന സമയം. അതാണ് കെ.എസ്.യു സ്കൂളുകളും കോളേജുകളും ഭരിച്ചിരുന്ന കാലഘട്ടം. പ്രാക്കുളം സ്കൂൾ പോലും അതിന്റെ ഭാഗമായിരുന്നു.
അഞ്ചാലുംമൂട് നീരാവിൽ സ്കൂളിൽ വിദ്യാർത്ഥിയായ വി.കെ. വിക്രമൻ, ആ കാലഘട്ടത്തിൽ കെ.എസ്.എഫ് (കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷൻ) പ്രവർത്തകനായിരുന്നു. പ്രാക്കുളം സ്കൂളിലെ കെ.എസ്.എഫ് പ്രവർത്തനം സജീവമാക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഒരാളും തയ്യാറാകാത്ത സാഹചര്യത്തിലായിരുന്നു സംഘടന. അപ്പോൾ ഒരാൾ നിർദ്ദേശിച്ചു: “അലക്സാണ്ടർ സാറിന്റെ മകൻ അവിടെ പഠിക്കുന്നുണ്ട്. പേര് ബേബി. മുഖച്ഛായയിലും സംസാരശൈലിയിലും ആകർഷകൻ. പ്രസംഗം മികച്ചതാണ്. ഡിബേറ്റ് മത്സരങ്ങളിൽ സ്ഥിരം വിജയിയാണ്.”
അങ്ങനെ, ബേബിയെ എട്ടാം ക്ലാസ്സിൽ തന്നെ കെ.എസ്.എഫ് സ്ഥാനാർത്ഥിയും സഖാവുമാക്കി വിക്രമൻ. വിജയം കൈവരിച്ചില്ലെങ്കിലും, ബേബി ശക്തമായ ഒരു വിദ്യാര്‍ത്ഥി നേതാവായി മാറി. കൊല്ലം എസ്.എൻ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നതോടെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം കൂടുതൽ ശക്തമായി. വിക്രമൻ പിന്നീട് തൊഴിലാളി യൂണിയൻ രംഗത്തേക്ക് മാറി. ഇന്ന് 80 വയസുള്ള വിക്രമൻ ബേബിയുടെ രാഷ്ട്രീയ വളർച്ചയെ അഭിമാനത്തോടെ നോക്കിക്കൊണ്ടിരിക്കുന്നു. "ബേബി സി.പി.എം നേത്യത്വത്തിലേക്ക് എത്തിയതിൽ ഞാൻ അതീവ സന്തുഷ്ടനാണ്. അദ്ദേഹം ജനറൽ സെക്രട്ടറിയാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു," വിക്രമൻ പറയുന്നു. പ്രാക്കുളത്ത് എത്തുന്ന എല്ലാ തവണയും എം.എ. ബേബി വിക്രമന്റെ വീട്ടിൽ എത്താറുണ്ട്. കഴിഞ്ഞ ക്രിസ്മസിൽ ഭാര്യ ബെറ്റിക്കൊപ്പം കേക്കും കൊണ്ട് എത്തിയിരുന്നു. പത്തു ദിവസം മുൻപും അദ്ദേഹം ഗുരുസന്നിധിയിൽ എത്തിയിരുന്നു.
0 Comments