മലപ്പുറം : മലപ്പുറത്ത് വീട്ടിൽ പ്രസവത്തിനുശേഷം രക്തം വാർന്ന് യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെരുമ്പാവൂർ സ്വദേശിനി അസ്മ (35)യാണ് മരണപ്പെട്ടത്. അസ്മയുടെ മരണത്തിൽ ഭർത്താവ് സിറാജുദ്ദീന്റെ ക്രൂരത ആരോപിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും രംഗത്തുവന്നിട്ടുണ്ട്. പ്രസവവേദന അനുഭവിച്ചിട്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സിറാജുദ്ദീൻ തയ്യാറായില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഭാര്യയുടെ ജീവൻ അപകടത്തിലായപ്പോഴും സഹായം തേടാനായി ഒന്നും ചെയ്തില്ലെന്നും, തുടർന്ന് രക്തത്തിൽ കുളിച്ച നവജാത ശിശുവിനൊപ്പം അസ്മയുടെ മൃതദേഹം മണിക്കൂറുകൾ യാത്ര ചെയ്തതായും കുടുംബം പൊലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിന് ശേഷം നാട്ടുകാർ കയ്യേറ്റം ചെയ്തതിനെ തുടർന്ന് സിറാജുദ്ദീൻ നിലവിൽ പെരുമ്പാവൂർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒന്നരവർഷം മുമ്പാണ് ദമ്പതികൾ മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടിൽ താമസം തുടങ്ങിയത്. അയൽവാസികൾക്കും ഒരുപാട് പരിചയമില്ലായിരുന്ന സിറാജുദ്ദീൻ “മടവൂർ ഖാഫില” എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ നടത്തുകയായിരുന്നു. അന്ധവിശ്വാസപരമായ ഉള്ളടക്കം ചാനലിലൂടെ പ്രചരിപ്പിച്ചുവെന്ന് ആരോപണമുണ്ട്. ഈ ചാനലിന് 63,000-ത്തിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട്. ഇന്നലെ ഉച്ചമുതൽ അസ്മ പ്രസവവേദനയിൽ തളർന്നിരുന്നുവെന്ന് കുടുംബം പറയുന്നു. വീടിനകത്തായിരുന്നു പ്രസവം. രാവിലെ അഞ്ച് മണിയോടെ അസ്മ അഞ്ചാമത്തെ കുഞ്ഞിന് ജന്മം നൽകി. പ്രസവത്തിനു പിന്നാലെ രക്തസ്രാവം ഉണ്ടാകുകയും, ചികിത്സ ലഭിക്കാതെ മൂന്ന് മണിക്കൂറോളം വേദന അനുഭവിച്ച ശേഷം മരണം സംഭവിക്കുകയും ചെയ്തു. പ്രസവസമയം വീട്ടിൽ സിറാജുദ്ദീൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ശേഷം പരിചയക്കാർ വഴി അസ്മയെ ആംബുലൻസിൽ കയറ്റി പെരുമ്പാവൂർക്ക് കൊണ്ടുപോയി. അർദ്ധരാത്രിയോടെയാണ് അവിടെത്തിയത്. അതേസമയം, ഗുരുതരാവസ്ഥയിലായ നവജാത ശിശുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം അസ്മയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം സിറാജുദ്ദീനെതിരെ കൂടുതൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനാണ് പൊലീസ് നീക്കം. കൂടാതെ സിറാജുദ്ദീന്റെ യൂട്യൂബ് ചാനലിനെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
0 Comments