ആലപ്പുഴ : തലവടിയില്‍ കോളറ ബാധ സ്ഥിരീകരിച്ചു. തലവടി നീരേറ്റുപുറം പുത്തന്‍പറമ്പില്‍ പി.ജി രഘു (48) വിനാണ് കോളറ സ്ഥിരീകരിച്ചത്. തിരുവല്ല ബിലിവേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ് രഘു. വിവിധ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദഇദ്ദേഹത്തിന് വയറിളക്കവുമുണ്ടായിരുന്നു. തുടർന്ന് രക്തം പരിശോധിച്ചതിൽ നിന്നാണ് കോളറ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചതോടെ ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ അവലോകന യോഗം ചേരും. കോളറ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ സമീപവാസികളുടെ കിണറില്‍ നിന്നും മറ്റ് ജല സ്രോതസ്സുകളില്‍ നിന്നും വെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു.
വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ രോഗം പെട്ടെന്ന് പടരും. രോഗ ലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍ കൂടി രോഗിയില്‍ നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്. സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ മുതല്‍ 5 ദിവസത്തിനുള്ളില്‍ രോഗം വരാവുന്നതാണ്.
പെട്ടെന്നുള്ള കഠിനമായതും, വയറു വേദനയില്ലാത്തതും, വയറിളക്കമാണ് കോളറയുടെ രോഗ ലക്ഷണം. മിക്കപ്പോഴും ഛര്‍ദ്ദിയുമുണ്ടായിരിക്കും. ഇതേതുടര്‍ന്ന് രോഗിക്ക് നിര്‍ജ്ജലീകരണം ഉണ്ടാകും. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ പെട്ടെന്ന് രോഗം ഗുരുതരമാകും. രോഗം ഗുരുതരവും മരണ കാരണവുമാകുന്നത് നിര്‍ജ്ജലീകരണം കൊണ്ടാണ്. ആയതിനാല്‍ അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്ക രോഗ ചികിത്സയെയും പോലെ തന്നെയാണ് കോളറാ ചികിത്സയും. ആരംഭം മുതല്‍ ഒ.ആര്‍.എസ്. ലായനി ഉപയോഗിച്ചുളള പാനീയ ചികിത്സയിലൂടെ ഗുരുതരാവസ്ഥ കുറയ്ക്കാനും മരണം ഒഴിവാക്കാനും സാധിക്കും.
0 Comments