banner

ബൾബുകൾ ഒന്നര മാസം പോലും തികയ്ക്കുന്നില്ല; തൃക്കരുവ പഞ്ചായത്ത് പരിധിയിൽ മിഴിയടച്ച് തെരുവ് വിളക്കുകൾ


അഞ്ചാലുംമൂട് : തൃക്കരുവയിൽ തെരുവ് വിളക്കുകൾ പലതും മിഴിയടയ്ക്കുന്നു. അറ്റകുറ്റപണി നടത്തി ഒന്നര മാസം പോലും തികയ്ക്കാതെയാണ് ബൾബുകൾ പണിമുടക്കിയത്. മിക്ക വാർഡുകളിലെയും പകുതിയിലേറെ തെരുവ് വിളക്കുകൾ പ്രവർത്തനരഹിതമായതോടെ രാത്രി ഉൾ പ്രദേശങ്ങളിലെ റോഡുകളിൽ കൂടി സഞ്ചരിക്കുന്ന യാത്രികർ ബുദ്ധിമുട്ടിലായി. തുടർച്ചയായുണ്ടായ മഴയിൽ വെള്ളം കയറിയതോടെയാണ് ബൾബുകൾ പലതും പ്രവർത്തനരഹിതമായത്. ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കാമെന്നാണ് അധികൃതർ പഞ്ചായത്ത് അംഗങ്ങൾക്ക് നൽകിയ വാഗ്ദാനം. എന്നാൽ കരാർ ഏജൻസി ഇതുവരെയും മാറ്റാനാവശ്യമായ ബൾബുകൾ എത്തിച്ചിട്ടില്ല. ഈ ബൾബുകൾ വന്ന ശേഷം അറ്റകുറ്റപണിയ്ക്ക് കരാറേറ്റെടുത്ത ആളിനെ അറിയിക്കണം. ശേഷം ഇദ്ദേഹം എത്തിയാൽ മാത്രമെ ബൾബുകൾ മാറ്റിയിടാനാവുകയുള്ളു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തുന്ന സ്ത്രീകൾക്ക് സന്ധ്യയായാൽ പ്രധാന ആശ്രയം തെരുവ് വിളക്കുകളാണ്. ഇവ പലതും കൂട്ടത്തോടെ കണ്ണടച്ചതോടെ തെരുവ് നായകളെയും ഇഴ ജന്തുക്കളെയും പേടിച്ചാണ് ഇവരുടെ യാത്ര. ഓരോ സാമ്പത്തിക വർഷവും ബജറ്റിൽ ഉൾപ്പെടുത്തി ലക്ഷങ്ങളാണ് തെരുവ് വിളക്കുകളുടെ പരിപാലനത്തിനുവേണ്ടി പഞ്ചായത്ത് ചെലവഴിക്കുന്നത്. സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ആയി ഒരു കരാറും എൽ ഇ ഡി ബൾബുകൾ ലഭ്യമാക്കുന്നതിനായി മറ്റൊരു കരാറുമാണ് നിലവിലുള്ളത്. കഴിഞ്ഞ തവണയും സമാന പ്രശ്നങ്ങൾ ഉണ്ടായപ്പോൾ മാറ്റാൻ എൽ ഇ ഡി ബൾബുകൾ കിട്ടാത്ത സ്ഥിതിയുണ്ടായിരുന്നു. ഇതോടെ ജനങ്ങളുടെ പരാതി ഭയന്ന് വാർഡ് അംഗങ്ങൾ സ്വന്തം ചിലവിലാണ് ബൾബുകൾ വാങ്ങി സ്ഥാപിച്ചത്. ചിലവായ തുകയ്ക്ക് പകരം മാറ്റിയ അത്രയും ബൾബുകളാണ് അന്ന് പഞ്ചായത്ത് തിരികെ വാഗ്ദാനം ചെയ്തത്.

നേരത്തെ കെ എസ് ഇ ബിയ്ക്ക് പദ്ധതി വിട്ടുകൊടുത്തപ്പോൾ ഇത്ര പ്രശ്നമുണ്ടായിരുന്നില്ല. ഇപ്പോൾ കേടായ തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള ഉത്തരവാദിത്വം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാത്രമാണ്. അതേ സമയം ബൾബ് കത്തുന്നുണ്ടെങ്കിലും കേടാണെങ്കിലും നിശ്ചയിച്ച തുക പഞ്ചായത്ത് അടയ്ക്കണമെന്നാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥർ പ്രതികരിച്ചു. 'പോസ്റ്റുകളിൽ കേബിൾ വൽക്കരണം പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ പദ്ധതിയിൽ മാറ്റം വരാൻ സാധ്യതയുണ്ട്. ആ ഘട്ടത്തിൽ അറ്റകുറ്റപണികളും ബൾബുകളുടെ വിതരണവും കെ എസ് ഇ ബിയിലേക്ക് വരുമെന്നാണ് പ്രതീക്ഷ' - ഉദ്യോഗസ്ഥർ വ്യക്തമാക്കി. മാത്രമല്ല ഈ കേബിൾ സാധ്യമാകുന്ന മുറയ്ക്ക് ട്രാൻസ്ഫോമറിൽ മീറ്റർ സ്ഥാപിച്ച് ഉപയോഗിക്കുന്ന വൈദ്യുതി മാത്രം കണക്കാക്കി തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ബിൽ ഈടാക്കുന്ന രീതിയും പരിഗണനയിലുണ്ടെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

Post a Comment

0 Comments