banner

കരുവ തങ്ങളുടെ 138-ാമത് ആണ്ട് നേർച്ച: ആയിരങ്ങൾക്ക് അന്നദാനമേകി സമാപനം, ചരിത്രം ഇങ്ങനെ


അഞ്ചാലുമൂട് : കരുവ മുസ്ലിം ജമാഅത്ത് പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന കരുവ അസ്സയ്യിദ് അബ്ദുൽ റഹ്മാൻ ജിഫ്രി തങ്ങളുടെ 138-ാമത് ആണ്ട് നേർച്ചയ്ക്ക് ഈ വർഷം അതിൻ്റെ സമാപനം കഴിഞ്ഞിട്ടും ഓർമ്മകളും ആത്മീയമായ അനുഭവങ്ങളും നാടിന്റെ ഹൃദയത്തിൽ തുടരുകയാണ്. ഏപ്രിൽ 29-ന് ചൊവ്വാഴ്ച രാവിലെയാണ് നേർച്ചയുടെ പ്രധാന ഘട്ടമായ മൗലീദ് പാരായണവും, ദുആ മജ്ലിസും, അന്നദാനവും നടന്നത്. അസ്സയ്യിദ് അഹമ്മദ് ജിഫ്രി കോയ അൽ ഐദറൂസി ഇടുക്കിയുടെ നേതൃത്വത്തിൽ നടന്ന ദുആ മജ്ലിസിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് നടന്ന അന്നദാനത്തിൽ നാനാജാതി മതസ്തരായ ആയിരത്തോളം പേർ പങ്കെടുത്തതായി ജമാഅത്ത് കമ്മിറ്റി അറിയിച്ചു.

മഖാം സിയാറത്തിനും മറ്റ് ചടങ്ങുകൾക്കും 25 ന് നടന്നിരുന്നു. ഇതിന് തങ്ങളുടെ കുടുംബപരസയിൽപ്പെട്ട അബ്ദുള്ള ശിഹാബുദ്ദീൻ (കോഴിക്കോട്), ഹുസൈൻ ശിഹാബുദ്ദീൻ (പാണക്കാട്), ജഅഫർ ശിഹാബുദ്ദീൻ (മലപ്പുറം) തുടങ്ങിയവരും നേതൃത്വം നൽകി. ജാതിമത ഭേദമന്യേ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ വിശ്വാസികൾ, നേർച്ചയെ ആത്മീയതയുടെ വലിയ ഉത്സവമാക്കി മാറ്റി. 

മനുഷ്യത്വത്തിനും മതസാഹോദര്യത്തിനും സൗഹാര്‍ദ്ദത്തിനും പേരുകേട്ട ആത്മീയ കേരളത്തിൻറെ തലസ്ഥാനമായ മമ്പുറം മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ഖുത്തുബുസ്സമാൻ സയ്യിദ് അലവി തങ്ങളുടെ കുടുംബ പരമ്പരയിൽപ്പെട്ട മഹാനവർകളാണ് കരുവ അസ്സയ്യിദ് അബ്ദുൽ റഹ്മാൻ ജിഫ്രി തങ്ങൾ. വടക്കൻ കേരളത്തിൽ ജനിച്ചു വളർന്ന തങ്ങൾ അള്ളാഹുവിൻ്റെ നിശ്ചയപ്രകാരം തെക്കൻ കേരളത്തിലെ കരുവയിൽ എത്തിപ്പെട്ടതും ഈ നാടിനും തേടി വരുന്ന നാനാജാതി മതസ്ഥർക്കും വിശ്വാസപരമായ അനുഗ്രഹവും അഭയവുമായത് ചരിത്രമാണ്. മരണ ശേഷവും മഹാനവർകളുടെ മഖാമിലേക്ക് വിശ്വാസികൾ കടന്നെത്തുന്നതും അവരുടെ ചാരത്ത് ഇബാദത്തിലേർപ്പെടുന്നതും വിശ്വാസി സമൂഹത്തിന് ഇന്നും കുളിർമയേകുന്ന കാഴ്ചയാണ്.

Post a Comment

0 Comments