മംഗളൂരുവിൽ മലയാളിയായ അഷ്റഫിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സ്റ്റേഷൻ എസ്.ഐ ശിവകുമാർ അടക്കം മൂന്ന് പേരെയാണ് സസ്പെൻഡ് ചെയ്തത്.
പൊലീസ് വിഷയത്തിൽ വേണ്ടത്ര ഗൗരവത്തിൽ ഇടപെട്ടില്ല എന്നാരോപണമുയർന്നതിനെ തുടർന്നാണ് നടപടി. ആൾക്കൂട്ടം അശ്റഫിനെ മർദിച്ച് കൊലപ്പെടുത്തിയ വിവരം ദീപക് എന്ന യുവാവ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടും മേലുദ്യോഗസ്ഥരെ അറിയിക്കാതെ വിഷയം മൂടിവെക്കാൻ ശ്രമിച്ചുവെന്ന് ആരോപണമുയർന്നിരുന്നു. പരാതി സ്വീകരിച്ചതിന് ശേഷവും ആദ്യം അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ആൾക്കൂട്ടക്കൊല കേസായി മാറ്റുകയായിരുന്നു.
മൃതദേഹം ടാർപ്പോളിൻ ഷീറ്റിട്ട് മൂടിയ ശേഷം 2 മണിക്കൂർ ദേഹം വഴിയിൽ കിടത്തി. ആദ്യം റിപ്പോർട്ട് ചെയ്തത് അസ്വാഭാവിക മരണം എന്ന് മാത്രമാണ്. പിന്നീട് 3 ദിവസം കഴിഞ്ഞാണ് ആൾക്കൂട്ട കൊലപാതകമെന്ന വകുപ്പ് ചുമത്തി കേസെടുത്തത്. കൃത്യ വിലോപത്തിനും ആൾക്കൂട്ടക്കൊലയെന്ന വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്യാതിരുന്നതും ചൂണ്ടിക്കാട്ടിയാണ് മൂന്ന് പേരെയും സസ്പെൻഡ് ചെയ്തത്.
0 Comments