കോട്ടയത്ത് അമ്മയും പെണ്‍കുഞ്ഞുങ്ങളും ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ജിമ്മിയെയും ഭര്‍തൃപിതാവ് ജോസഫിനെയും റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
ജിസ്മോള്‍ ഗാര്‍ഹിക പീഡനത്തിനിരയായെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ജിമ്മിയെയും പിതാവിനെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. മുത്തോലി മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജിസ്മോളുടെയും മക്കളായ നേഹ, നോറ എന്നിവരുടെയും മരണത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ജിസ്മോളുടെ കുടുംബം രംഗത്തെത്തിയിരുന്നു.
പല പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴും ജിസ്മോള്‍ തുറന്ന് പറഞ്ഞിരുന്നില്ല. മകളുടെ ശരീരത്തില്‍ മര്‍ദ്ദിച്ചതിന്റെ പാടുകള്‍ കണ്ടിട്ടുണ്ടെന്നും മരിക്കുന്നതിന് മുന്‍പ് ആ വീട്ടില്‍ എന്തോ ഒരു കാര്യം സംഭവിച്ചിട്ടുണ്ടെന്നും പിതാവ് നേരത്തേ പറഞ്ഞിരുന്നു. മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കുന്നതിന് മുന്‍പ് ആദ്യം വീട്ടില്‍ വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ആത്മഹത്യ ചെയ്യാനുള്ള ശ്രമം ജിസ്മോള്‍ നടത്തിയിരുന്നു. ഈ സമയം ഭര്‍ത്താവ് ജോലിസ്ഥലത്തായിരുന്നു. മീനച്ചിലാറ്റില്‍ ചൂണ്ടയിടാന്‍ എത്തിയ നാട്ടുകാരാണ് ജിസ്മോളെയും മക്കളെയും കാണുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
0 تعليقات