അഞ്ചാലുംമൂട് : അഞ്ചാലുംമൂട് ജംഗ്ഷനിൽ കാൽനടയാത്രക്കാർക്കായുള്ള നടപ്പാതയിൽ വാഹനങ്ങളുടെ അനധികൃത പാർക്കിങിന് പരിഹാരമില്ല. അഞ്ചാലുംമൂട് നിന്ന് സാമ്പ്രാണിക്കോടി ഉൾപ്പെടുന്ന പ്രാക്കുളം, അഷ്ടമുടി, പനയം ഭാഗത്തേക്കുള്ള റോഡിലെ ബിവറേജസിന് സമീപമാണ് അനധികൃത പാർക്കിംഗ് നിയന്ത്രണമില്ലാതെ തുടരുന്നത്.
ഇവിടെ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് നൂറ് മീറ്റർ ദൂരം പോലുമില്ലെങ്കിലും നടപടി സ്വീകരിക്കാൻ പൊലീസ് തയാറാകുന്നില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം. സാമ്പ്രാണിക്കോടിയിലേക്ക് വരുന്ന വലിയ ടൂറിസ്റ്റ് ബസുകളാണ് ഇത്തരം അനധികൃത പാർക്കിംഗുകൾക്ക് ഇരയാകുന്നത്. ബസ്സുകൾ എതിരെ വന്നാൽ ഗതാഗതം താറുമാറാകും. വീതി കുറഞ്ഞ പാതയിൽ കാൽനടയാത്രികർ റോഡിലിറങ്ങി നടക്കുന്നതു മൂലം അപകടങ്ങൾക്കും സാധ്യതയേറെയാണ്.
വ്യാപാര സ്ഥാപനങ്ങളിലേക്ക് സാധനങ്ങൾ കൊണ്ട് വരുന്ന സെയിൽസ് വാഹനങ്ങൾ, കാർ, മിനിലോറി, ടൂവീലർ എന്നിവയാണ് പ്രധാനമായും ഇവിടെ ഒരു നിയന്ത്രണവുമില്ലാതെ തോന്നിയത് പോലെ പാർക്ക് ചെയ്യുന്നത്. ഇത് മൂലം കാൽനടയാത്രികർ റോഡിലിറങ്ങി നടക്കാൻ നിർബന്ധിതരാകുകയാണ്. ചില വ്യാപാരികൾ നടപ്പാത കയ്യേറി സാധനങ്ങൾ പ്രദർശിപ്പിക്കാറുണ്ടെങ്കിലും ഇതിനെതിരെ കോർപ്പറേഷനും നടപടിയെടുക്കാറില്ല.
പല സ്ഥാപനങ്ങൾക്ക് മുന്നിലെയും റോഡിലെ പാർക്കിംഗ് കണ്ടാൽ പോലീസ് പെയ്ഡ് പാർക്കിംഗ് ആണോ എന്നുപോലും തോന്നിപ്പോകും. സാധാരണ ദിവസങ്ങളിൽ തിരക്ക് നന്നേ കുറവാണെങ്കിലും അവധി ദിവസങ്ങളിൽ പ്രശ്നം രൂക്ഷമാകും. സമീപത്തെ സ്വകാര്യ ആഡിറ്റോറിയങ്ങളായ അഞ്ചുവിലേക്കും ദേവകിയിലേക്കും വരുന്ന വാഹനങ്ങളും ഗതാഗത പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. അഞ്ചാലുംമൂട് ജംഗ്ഷനിൽ നിന്ന് കുണ്ടറയിലേക്കുള്ള റോഡിലും കാൽനടയാത്രക്കരുടെ സ്ഥിതിയും ഇതു തന്നെ. അധികൃതർ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
0 Comments