കൊല്ലം മേയർ ഹണി ബെഞ്ചമിൻ സ്ഥലം സന്ദർശിച്ചപ്പോൾ പ്രദേശവാസികൾ പ്രശ്നം വിവരിക്കുന്നു (ഫോട്ടോ : mathrubhoomi online)
അഞ്ചാലുംമൂട് : കുരീപ്പുഴ പാണ്ടോന്നിൽക്കടവ് - കൊച്ച് കോട്ടയത്തുകടവ് കടത്തുസർവീസ് ആഴ്ചകളായി നിലച്ചതിന് കാരണം ഭരണ സംവിധാനത്തിലെ അനാസ്ഥ. വളരെക്കുറച്ച് സമയമെടുത്ത് പരിഹരിക്കാവുന്ന പ്രശ്നമാണ് ആഴ്ചകളായി പരിഹാരം കാണാനാകാതെ കിടക്കുന്നത്. പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ കൊല്ലം ജില്ലയിലെ 26 കടവുകൾ പൂർണ്ണതോതിൽ ഫെറിമാനോടൊപ്പം നിയന്ത്രിക്കുന്നുണ്ട്. ഇത്തരം ഒരു പുതിയ കടവ് സർവീസ് അനുവദിക്കാൻ വെറും ഒരു ഉത്തരവ് മാത്രമാണ് ആവശ്യമായത്. അത് പുറത്തിറക്കാൻ സാധാരണ വളരെക്കുറച്ച് സമയം മതിയാകുമെന്നാണ് മുൻ അനുഭവം എന്നിരിക്കെയാണ് നടപടി ഇപ്പോഴും നീണ്ടു പോകുന്നത്. നേരത്തെയുണ്ടായിരുന്ന സ്വകാര്യ കടത്തുവള്ളങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സർവ്വീസ് നടത്തിയതെന്ന പരാതി ലഭിച്ചതോടെ മുൻപ് ഇവിടെയുണ്ടായ അപകടത്തിൽ ജീവഹാനി ഉൾപ്പെടെയുള്ള സംഭവങ്ങൾ ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ പരിശോധന നടത്തി അഞ്ചാലുംമൂട് പോലീസിൻ്റ സഹായത്തോടെ അധികൃതർ അനധികൃത സർവ്വീസ് നിർത്തിക്കുകയായിരുന്നു. ഇതോടെയാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കു പോകുന്നവരുൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ ദിവസേന ആശ്രയിക്കുന്ന കടത്തുസർവീസ് പൂർണ്ണമായി നിലച്ചത്.
കൊല്ലം ജില്ലയിൽ നിലവിൽ പ്രവർത്തനക്ഷമമായ 26 കടവുകളിൽ അഞ്ചോളം സ്ഥലങ്ങളിൽ പാലം വന്നതിന്റെ ഭാഗമായി യാത്രക്കാരില്ലാത്ത അവസ്ഥയുണ്ട്. ഒരേ റൂട്ടിൽ രണ്ടിലധികം സർവീസുകൾ നടത്തപ്പെടുന്ന നാല് കടവുകളും ജില്ലയിൽ നിലവിലുണ്ട്. ആവശ്യാനുസരണം ഏതെങ്കിലും ഒരിടത്ത് നിന്ന് ഒരു വള്ളം താൽക്കാലികമായി ട്രാൻസ്ഫർ ചെയ്യുന്നത് പൊതുമരാമത്ത് വകുപ്പിൻ്റേയും കോർപ്പറേഷൻ്റേയും അധികാരപരിധിയിലാണ്. സാമ്പ്രാണിക്കോടിയിൽ സമാന പ്രശ്നത്തിൽ പ്രതിഷേധമുണ്ടായതിനെ തുടർന്ന് ഇത്തരം ഒരു ഒഴിവിലുള്ള സർവീസിൽ നിന്ന് പുതിയ ആവശ്യത്തിനായി വള്ളം മാറ്റികൊടുത്തിട്ടുള്ള അനുഭവം ഉദ്യോഗസ്ഥർ തന്നെ സ്ഥിരീകരിച്ചു. മാത്രമല്ല നേരത്തെ ജില്ലാ കളക്ടർക്ക് കനാൽ ഓഫീസർ നൽകിയ റിപ്പോർട്ടിൽ പ്രശ്ന പരിഹാരത്തിന് സമാനമായ നിർദ്ദേശവും ഉണ്ടായിരുന്നു. കോർപ്പറേഷന് കീഴിലുള്ള 20 കടവുകളിൽ നിന്ന് താത്കാലികമായി ഒരു സർവീസ് ഇവിടേക്ക് കനാൽ ഓഫീസർ നൽകിയ റിപ്പോർട്ടിൻ്റെ പിൻബലത്തിൽ അനുവദിക്കാമായിരുന്നിട്ടും വിഷയത്തിൽ അനുകൂല നിലപാടിന് കോർപ്പറേഷനും തയ്യാറായിരുന്നില്ല.
നിലവിലെ കടവിന് ലൈസൻസ് ഇല്ലാത്ത പ്രശ്നവും പരിഹരിക്കേണ്ടതുണ്ട്. അതിനായി ആദ്യം ആഴ പരിശോധന നടത്തണം കോർപ്പറേഷന് ഇതിനാവശ്യമായ സംവിധാനങ്ങളിലെങ്കിൽ പൊതുമരാമത്ത് വകുപ്പിനോടോ ഉൾനാടൻ ജലഗതാഗത വകുപ്പിനോടോ അല്ലെങ്കിൽ ജില്ലാ കനാൽ ഓഫീസിനോടോ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടാം. ഇതിനുശേഷം ലൈസൻസ് അനുവദിച്ച് ക്വൊട്ടേഷൻ ക്ഷണിച്ച് പുതിയ സർവീസുകൾ ആരംഭിക്കാം. പക്ഷേ മൂന്നു വകുപ്പുകളും തമ്മിൽ ഏകോപനം ഇല്ലാത്തതിനാൽ വലയുന്നത് സാധാരണ ജനങ്ങളാണ്. നാട്ടുകാരുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം കൊല്ലം മേയർ ഹണി ബെഞ്ചമിൻ സ്ഥലം സന്ദർശിച്ചിരുന്നു. പ്രദേശവാസികളും കൗൺസിലർ ഗിരിജ തുളസിയും നാട്ടുകാരും മേയറോട് കാര്യങ്ങൾ വിശദമാക്കി. തുടർന്ന് ബന്ധപ്പെട്ട അധികൃതരുമായി ചർച്ചചെയ്ത് പ്രശ്നപരിഹാരത്തിനു വേണ്ട നടപടി സ്വീകരിക്കുമെന്ന് മേയർ അറിയിച്ചു. സംഭവം വളരെ വൈകിയാണ് തങ്ങൾ അറിഞ്ഞതെന്ന് കൗൺസിലർ പ്രതികരിച്ചു. 'അറിഞ്ഞത് മുതൽ പ്രശ്നപരിഹാരത്തിന് ആവശ്യമായ നടപടികളുമായി മുന്നോട്ടു പോവുകയാണ്. നേരത്തെയും കോർപ്പറേഷൻ കൗൺസിലിൽ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. അതിനു ശേഷം ഡെപ്യൂട്ടി മേയർ സ്ഥലം സന്ദർശിക്കുന്ന സാഹചര്യമുണ്ടായി. നിലവിലെ കടവിന് ലൈസൻസ് ഇല്ലാത്ത സ്ഥിതിയുണ്ട്. എത്രയും വേഗം സർവ്വീസ് പൂർണ്ണതോതിൽ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ നടത്തും' - കൗൺസിലർ ഗിരിജ തുളസി വ്യക്തമാക്കി.
0 Comments