banner

അഷ്ടമുടിക്കായലിൽ അറവ് മാലിന്യങ്ങൾ തള്ളുന്നു; പരാതി ലഭിച്ചിട്ടില്ലെന്ന് തൃക്കരുവ ഗ്രാമ പഞ്ചായത്ത്


അഞ്ചാലുംമൂട് : പ്രാക്കുളത്തിന് സമീപം അഷ്ടമുടിക്കായലിൽ അറവ് മാലിന്യങ്ങൾ തള്ളുന്നതായി പരാതി. ഒഴുകി വരുന്ന ഇത്തരം മാലിന്യങ്ങൾ ചീനവലയിൽ കുടുങ്ങി മത്സ്യബന്ധനത്തിന് തടസ്സം സൃഷ്ടിക്കുന്നതായാണ് മത്സ്യതൊഴിലാളികളുടെ പരാതി. കോഴിയുടെയും ആടിൻ്റെയും മറ്റ് മൃഗങ്ങളുടെയും അറവ് മാലിന്യങ്ങളാണ് കടുത്ത ദുർഗന്ധവുമായി ഒഴുകി വരുന്നത്. പരിസര പ്രദേശങ്ങളിൽ ഇറച്ചി വില്‌ക്കുന്ന കടകളോ ഇത്തരം മാലിന്യങ്ങൾ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളോ ഇല്ല. രാത്രി കാലങ്ങളിൽ പ്രദേശത്ത് എവിടെയെങ്കിലും തള്ളുന്ന മാലിന്യങ്ങൾ ഒഴുക്കിൽ ഇവിടേക്ക് എത്തിയതാവാമെന്നാണ് പ്രദേശവാസികളുടെ അനുമാനം.

നേരത്തെ വലിയതോതിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഒഴുകി വരുന്നതായും സമീപത്തെ ആളൊഴിഞ്ഞ തുരുത്തിൽ മാലിന്യം കത്തിക്കുന്നതായും പ്രദേശവാസികൾ പരാതി ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥർ അടിയന്തിരമായി ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. അതേ സമയം, സംഭവത്തിൽ ഇതുവരെയും പരാതി ലഭിച്ചിട്ടില്ലെന്ന് തൃക്കരുവ ഗ്രാമ പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. മറ്റെവിടെ നിന്നെങ്കിലും ഒഴുകി വന്നതാവാമെന്നും പരാതി ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.

Post a Comment

0 Comments